ഷോർട്ട്‌സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ‘സ്റ്റോറീസ്’ നീക്കം ചെയ്യുമെന്ന് യുട്യൂബ് അറിയിച്ചു. ജൂൺ 26 മുതൽ ഉപയോക്താക്കൾക്ക് ഇനി യുട്യൂബിൽ പുതിയ സ്റ്റോറി സൃഷ്‌ടിക്കാനാകില്ല. ഇപ്പോഴുള്ളത് ഏഴു ദിവസത്തിനു ശേഷം നീക്കുകയും ചെയ്യും. 2017 ലായിരുന്നു സ്റ്റോറീസ് (Stories) എന്ന ഫീച്ചർ യുട്യൂബ് അവതരിപ്പിച്ചത്.
കുറഞ്ഞത് 10,000 സബ്സ്ക്രൈബേഴ്സുള്ള യുട്യൂബർമാർക്ക് മാത്രമായിരുന്നു സ്റ്റോറീസ് ഫീച്ചർ ലഭ്യമായിരുന്നത്. സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായാണ് യുട്യൂബ് സ്റ്റോറീസും അവതരിപ്പിച്ചത്. ചാനൽ വിഡിയോകൾ കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് മിക്കവരും സ്റ്റോറീസ് ഉപയോഗപ്പെടുത്തിയിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ അപ്രത്യക്ഷമാകുന്ന സ്റ്റോറിയിൽ ഫോട്ടോയും വിഡിയോകളും ടെക്സ്റ്റുകളും പോസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു.
സ്റ്റോറീസ് ഫീച്ചർ നീക്കം ചെയ്യുമ്പോൾ തന്നെ കമ്മ്യൂണിറ്റി പോസ്റ്റുകളും ഷോർട്ട്‌സും സജീവമാക്കാനാണ് യുട്യൂബിന്റെ നീക്കം. ഷോർട്ട്‌സിനും കമ്മ്യൂണിറ്റി പോസ്റ്റുകൾക്കുമായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും യുട്യൂബ് അറിയിച്ചു. കൂടുതൽ ഉപയോക്താക്കൾ ഗുണകരമാകുന്ന ഫീച്ചറുകൾ സജീവമാക്കാനാണ് പുതിയ നീക്കം.