കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍ നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് ബാലചന്ദ്രകുമാര്‍ നല്കിയ മൊഴി പരിശോധിക്കണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ ഇന്ന് വരെ 5 പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദിലീപിന്റെ മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത്ത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ശരത്തിന്റെ വീട്ടിലും സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചോദ്യം ചെയ്തും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.