ദില്ലി: ഇന്ന് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുകയാണ്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് രാജ്യത്ത് ലഭ്യമായ ഒന്നാംതരം സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ് പാർലമെന്റിലേക്കുള്ള പരവതാനികൾ എത്തിച്ചിരിക്കുന്നത്. രാജ്യത്തെ നമ്പർ വൺ പരവതാനികളാണ് മിർസാപുരിലേത്.
അതുപപോലെ നാഗ്പൂരിൽ നിന്നുള്ള തേക്കുതടിയാണ് ഫർണിച്ചർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്. പാർലമെന്റ് നിർമാണത്തിന് ആവശ്യമായ കൊത്തിയെടുത്ത കല്ലുകൾ രാജസ്ഥാനിൽ നിന്നുമെത്തിച്ചു. തറയിൽ വിരിച്ച മുള ടൈലുകൾ എത്തിച്ചതാകട്ടെ ത്രിപുരയിൽ നിന്നും. ഏറെ പേരുകേട്ട സാൻഡ് സ്റ്റോണുകൾ രാജസ്ഥാലിനെ സർമഥുരയിൽ നിന്നാണ് എത്തിച്ചത്. ദില്ലിയിൽ തലയുയർത്തി നിൽക്കുന്ന ചെങ്കോട്ട നിർമിച്ചത് സർമഥുരയിലെ കല്ലുകൾ കൊണ്ടായിരുന്നു. റെഡ് ഗ്രാനൈറ്റ് അജ്മേറിലെ ലഖയിൽ നിന്നും ഗ്രീൻ സ്റ്റോൺ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും എത്തിച്ചു.
വെള്ള മാർബിൾ അംബാജിയിൽ നിന്നാണ് കൊണ്ടുവന്നത്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നും എത്തിച്ചു. പാർലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും മുംബൈയിൽ നിന്നാണ് നിർമിച്ചത്. ജാളികൾ രാജസ്ഥാനിലെ രാജ്നഗറിൽ നിന്നും ഉത്തർപ്രദേശിലെ നോയിഡയിൽനിന്നും കൊണ്ടുവന്നു.