വീട്ടിൽ മൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പലരും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് ഈ മൃഗങ്ങളെ കാണുന്നതും. ദിവസം തോറും ഇത്തരത്തിൽ മൃഗങ്ങളെ വളർത്തുന്ന ആളുകളുടെ എണ്ണം കൂടി വരിക തന്നെയാണ്. മിക്കവരും കുട്ടികൾക്ക് പകരമായിപ്പോലും ഇങ്ങനെ മൃഗങ്ങളെ വളർത്താറുണ്ട്. വളരെ അധികം സ്നേഹത്തോടും ശ്രദ്ധയോടും കൂടിയാണ് പലരും മൃഗങ്ങളെ പരിചരിക്കുന്നതും. എന്നാൽ, അതേ സമയം തന്നെ മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന അനവധി ആളുകളും ഈ ലോകത്തുണ്ട്. അതുപോലെ മൃഗങ്ങളോട് ക്രൂരത കാണിച്ച ഒരാളെ വളർത്തുമൃഗങ്ങളെ വളർത്തുന്നതിൽ നിന്നും എന്നേക്കുമായി വിലക്കി. സംഭവം നടന്നത് യുകെയിലാണ്.
ഇയാൾ തന്റെ വീട്ടിൽ പക്ഷികളും മൃഗങ്ങളുമായി 167 ജീവികളെ വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പാർപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാത്തിനെയും കൂട്ടിലിട്ടാണ് ഇയാൾ വളർത്തിയിരുന്നത്. ഒപ്പം തന്നെ ഇവിടെ നിന്നും പല മൃഗങ്ങളെയും ചത്ത നിലയിലും കണ്ടെത്തി. ഇയാളുടെ വീട്ടിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും അധികം വൈകാതെ പ്രചരിച്ചു. വീഡിയോയിൽ മുയലുകളടക്കം നിരവധി മൃഗങ്ങളെ വൃത്തിഹീനമായി പാർപ്പിച്ചിരിക്കുന്നത് കാണാം.
നോർത്താംപ്ടൺഷെയർ പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നത്, ഫെബ്രുവരിയിൽ, നോർത്താംപ്ടൺഷയർ പൊലീസ് ഉദ്യോഗസ്ഥർ റൂഷ്ഡനിലെ ക്രോംവെൽ റോഡിലുള്ള ഈ വീട്ടിൽ എല്ലാ വീടുകളിലെയും എന്ന പോലെ സാധാരണയായി നടത്താറുള്ള ക്ഷേമ സന്ദർശനത്തിന്റെ ഭാഗമായി ചെന്നതാണ്. എന്നാൽ, ജനലിൽ കൂടി അസഹ്യമായ ഗന്ധം പരന്നതിനെ തുടർന്നാണ് അവരിൽ സംശയം ജനിച്ചത്.
പിന്നാലെ, തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ ഒട്ടും ശ്രദ്ധയില്ലാതെ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് കോടതി കിം സ്റ്റാർക്ക്സ് എന്ന 61 -കാരനെ മൃഗങ്ങളെ ഇങ്ങനെ പൂട്ടിയിട്ടതിനെ തുടർന്ന് ജീവികളെ വളർത്തുന്നതിൽ നിന്നും എന്നേക്കുമായി വിലക്കിയത്.