ഭക്ഷണം കഴിക്കുന്നതിന് മുമ്പായി അല്‍പം വെള്ളം കുടിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. റെസ്റ്റോറന്‍റുകളിലെല്ലാം ഇത്തരത്തില്‍ നാം പോയിരിക്കുമ്പോള്‍ തന്നെ വെള്ളം നല്‍കാറുണ്ട്. അമിതമായി കഴിക്കാതിരിക്കാനും മറ്റും ഇങ്ങനെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ?
എന്നാല്‍ ഇതിലെല്ലാം ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. അതുപോലെ തന്നെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് നന്നല്ലെന്ന് പറയുന്നവരുമുണ്ട്. കഴിയുന്നതും ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്ന ശീലമാണ് നല്ലതെന്നും ഏവരും പറയാറുണ്ട്.
സത്യത്തില്‍ ഇവയില്‍ ഏതാണ് ശരി? ഭക്ഷണത്തിനൊപ്പമോ, മുമ്പോ ശേഷമോ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്? അറിയാം…
ഭക്ഷണത്തിന് മുമ്പ്…
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. മാത്രമല്ല ഇത് അമിതമായി കഴിക്കുന്നത് തടയാനും സഹായകമാണ്. എന്നാല്‍ അത് ഭക്ഷണത്തിന് 20-30 മിനുറ്റ് മുമ്പെങ്കിലും ആയിരിക്കണമെന്ന് മാത്രം. അതും ഇളംചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം.
ഭക്ഷണത്തോടൊപ്പം…
ഭക്ഷണത്തോടൊപ്പം വെള്ളമേ കുടിക്കരുതെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഈ വാദം ശരിയല്ല. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ അധികം വെള്ളം ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ദഹനത്തെ ബാധിക്കും. അതിനാല്‍ കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുകയാണെങ്കില്‍ അത് അല്‍പാല്‍പമായി സിപ് ചെയ്യുന്ന രീതിയില്‍ മാത്രമാക്കാം.
ഭക്ഷണത്തോടൊപ്പം സോഡ പോലുള്ള പാനീയങ്ങള്‍, വളരെ തണുത്ത പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് തീര്‍ത്തും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുറിയിലെ താനിലയിലുള്ള വെള്ളം, അല്ലെങ്കില്‍ ഇളംചൂടുവെള്ളമാണ് ഏറ്റവും ഉചിതം.
ഭക്ഷണത്തിന് ശേഷം…
ഭക്ഷണത്തിന് ശേഷം മാത്രം വെള്ളം കുടിക്കുകയെന്നതാണ് ഏറ്റവും നല്ല രീതിയായി ഏവരും ചൂണ്ടിക്കാട്ടാറ്. എന്നാലിതും നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണത്തിന് ശേഷം 20-30 മിനുറ്റ് ഗ്യാപ് എങ്കിലും എടുത്ത ശേഷമായിരിക്കണം. മറ്റൊന്നുമല്ല അല്ലെങ്കിലിത് ദഹനപ്രശ്നത്തിലേക്ക് നയിക്കാം.
എന്തുകൊണ്ട്?
ഭക്ഷണത്തിന് മുമ്പാണെങ്കിലും ശേഷമാണെങ്കിലും ഇത്രയും മിനുറ്റിന്‍റെ ഗ്യാപെങ്കിലും വെള്ളം കുടിക്കാൻ ഇടുന്നത് അത് ദഹനത്തെ ബാധിക്കുമെന്നതിനാലാണ്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ വിഘടിച്ചുപോകുന്നതിന് വെള്ളം കാരണമാകും. ഇങ്ങനെയാണ് ദഹനം ബാധിക്കപ്പെടുന്നത്.
അതുപോലെ തന്നെ ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നതില്‍ കുറവ് വരുത്താനും വെള്ളം പെട്ടെന്ന് അധികമായി കുടിക്കുന്നത് കാരണമാകും.