ദില്ലി: ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്. ജന്തർ മന്തറിലേക്കുള്ള വഴി പൊലീസ് പൂർണമായും അടച്ചു. അതേസമയം, ഗുസ്തി താരങ്ങൾ കേരള ഹൗസിൽ നിന്നും ചെക്ക് ഔട്ട് ചെയ്തതായാണ് റിപ്പോർട്ട്. കേരള ഹൗസിൽ എടുത്തിരുന്ന മുറികൾ താരങ്ങൾ ഒഴിയുകയായിരുന്നു.
അതേസമയം, ബ്രിജ് ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചെങ്കിലും ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.