ഇസ്ലാമബാദ്: അറസ്റ്റിലായ തെഹ് രികെ ഇൻസാഫ് വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം നേരിട്ട് പാക് സര്‍ക്കാര്‍. ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വനിതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ലൈംഗിക പീഡനം അടക്കമുള്ളവ നേരിടേണ്ടി വന്നുവെന്നാണ് രൂക്ഷമായി ഉയരുന്ന ആരോപണം. പിടിഐ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിവരണങ്ങള്‍ നിറഞ്ഞതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതിസന്ധിയിലായത്.
കസ്റ്റഡിയിലെടുത്ത വനിതാ പ്രവര്‍ത്തകര്‍ക്ക് ഡിറ്റന്‍ഷന്‍ സെന്‍ററുകളില്‍ സമാനതകളില്ലാത്ത പീഡനം നേരിട്ടുവെന്നാണ് ആരോപണം. മെയ് 9 ന് ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകരടക്കമുള്ള 10000 ത്തോളം പേരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതായും കൊടും ചൂടില്‍ ജയിലുകളില്‍ കുത്തിനിറച്ചുവെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ പിടിഐയുടെ തെറ്റായ പ്രചാരണം മാത്രമാണെന്നാണ് ആഭ്യന്തര മന്ത്രി റാണാ സനൌള്ള ഞായറാഴ്ച പ്രതികരിച്ചത്. പിടിഐ രണ്ട് പീഡന സംഭവങ്ങള്‍ പദ്ധതിയിട്ടതായും അതിന്‍റെ പഴി സുരക്ഷാ സേനയ്ക്ക് മേലെ ചുമത്താനുള്ള പദ്ധതി ഇട്ടതിന്‍റെയും വിവരങ്ങള്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് ആഭ്യന്തര മന്ത്രി വിശദമാക്കിയത്. എന്നാല്‍ ഈ ന്യായീകരണങ്ങള്‍ പിടിഐ അധ്യക്ഷനായ ഇമ്രാന്‍ ഖാന്‍ തള്ളിക്കളഞ്ഞു.
പീഡന കഥകളെ മറയ്ക്കുന്നതിനുള്ള വ്യാജ കഥകളെന്നാണ് സര്‍ക്കാര്‍ വാദങ്ങളെ ഇമ്രാന്‍ ഖാന്‍ നിരീക്ഷിക്കുന്നത്. അറസ്റ്റിലായ പ്രതിഷേധക്കാരില്‍ നൂറോളം പേരെ പാര്‍ട്ടി ബന്ധം വിടാമെന്നും സേനയ്ക്കെതിരായ ആക്രമണത്തില്‍ പരസ്യമായി മാപ്പ് പറയാനും തയ്യാറാണെന്ന വ്യവസ്ഥയില്‍ ജയില്‍ മോചിതരാക്കിയിരുന്നു. അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്.