കൊച്ചി: സംസ്ഥാനത്ത് മണമില്ലാത്ത വിദേശനിര്‍മിത സിഗരറ്റ് വില്‍പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3.29 കോടി രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക രുചിക്കൂട്ടുകളും നിറക്കൂട്ടുകളുമാണ് വിദേശ നിര്‍മ്മിത സിഗരറ്റുകളുടെ പ്രത്യേകത. ഇതിന് ആവശ്യക്കാര്‍ കൂടുതലാണ്. പ്രത്യേകിച്ച് സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഇത് കൂടുതലായി ഉപയോഗിക്കുന്നതായാണ് സൂചന.
വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സിഗരറ്റുകള്‍ ഇവിടെ മൂന്നിരട്ടി വിലയ്ക്ക് വില്‍ക്കുന്നതായാണ് വിവരം. ഒരു പെട്ടി നിരോധിത സിഗരറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വില. വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെന്നതാണ് കടത്ത് വര്‍ദ്ധിക്കാന്‍ കാരണം. 100, 200 കാര്‍ട്ടണുകളിലുള്ള വലിയ കെട്ടുകളായാണ് വിദേശനിര്‍മിത സിഗരറ്റ് കടത്തിക്കൊണ്ടുവരുന്നത്. ഇത് ഒരു കെട്ട് കടത്തിക്കൊണ്ടു വരുമ്പോള്‍ ഒരു ലക്ഷം രൂപ ലാഭം ലഭിക്കും. നിയമപരമായ മുന്നറിയിപ്പുകള്‍ ഈ സിഗരറ്റുകളുടെ പാക്കിന് പുറത്ത് ഇല്ലാത്തതുകൊണ്ട് ഇവയുടെ വില്‍പന ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.