കോഴിക്കോട്: തിരൂര്‍ സ്വദേശി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊല ചെയ്ത കേസിലെ പ്രതികളെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഫര്‍ഹാന, ഷിബിലി എന്നിവരെ ആണ് കസ്റ്റഡിയില്‍ ലഭിച്ചത്. ഇവരെ ചെറുതുരുത്തിയില്‍ തെളിവെടുപ്പിന് കൊണ്ടുപോകും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലട്രിക് കട്ടര്‍, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. കൃത്യം നടത്തിയ ശേഷം രക്ഷപെടാന്‍ പ്രതികള്‍ക്ക് ആരെങ്കിലും സഹായം നല്‍കിയോ എന്നതില്‍ കൂടുതല്‍ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
അതേസമയം കേസിലെ പ്രതിയായ ഫര്‍ഹാനയ്ക്ക് പ്രായം 18 വയസ്സുമാത്രമാണെന്ന് രേഖകള്‍. ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് സിദ്ദിഖ് കൊല്ലപ്പെടുന്നതിന് എട്ടു ദിവസം മുമ്പു മാത്രമാണ്. കൊലപാതകം നടന്നത് എട്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ ഫര്‍ഹാനയ്ക്ക് പ്രായപൂര്‍ത്തി ആകുമായിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുമായിരുന്നു എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഫര്‍ഹാനയ്ക്ക് 18 തികയുന്നതിന് മുന്‍പാണ് സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ മൂവരും ചേര്‍ന്ന് നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ആ പദ്ധതി കാര്യത്തോടടുത്തപ്പോള്‍ 18 കഴിഞ്ഞുപോകുകയായിരുന്നു.