കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ മധ്യവയസ്കന്‍റെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുപുഴ ബസ്റ്റാന്‍റിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിലെ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസ്സിലുണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന മദ്ധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗ്നതാ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.
ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തുകയും പ്രതിയെ അന്വേഷിക്കുകയും ചെയ്തു എന്നാൽ കണ്ടെത്താനായില്ല. തുടർന്നാണ് ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ പോലീസ് പരാതി നൽകാൻ യുവതി തയ്യാറായിട്ടില്ല. സ്വമേധയാ നടപടി തുടങ്ങിയെന്ന് പയ്യന്നൂർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ പറഞ്ഞു. ചെറുപുഴ സ്വദേശിനിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.












