ദില്ലി : സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം പുരോഗമിക്കുന്നു. ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ ഉടനെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇന്ന് അക്രമ ബാധിത മേഖലകളും ഷാ സന്ദർശിച്ചേക്കും. ഇംഫാലിൽ രാത്രി വൈകി ഗവർണറുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണർ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി.
ഇന്നലെ ഐഫാലിൽ എത്തിയ അമിത് ഷാ വിവിധ ജന വിഭാഗങ്ങളുമായി സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. ഇംഫാലിൽ അടക്കം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദർശനം. ഇതുവരെ എൺപതോളം പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ പിടികൂടി എന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തെ സംഘർഷത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും.