മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ഈ മാസം രണ്ടാം തവണയാണ് മോസ്‌കോയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി മോസ്‌കോ മേയര്‍ സ്ഥിരീകരിച്ചു. താമസക്കാരുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടങ്ങളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. നഗരത്തെ ലക്ഷ്യം വെച്ചെത്തിയ 31 ഡ്രോണുകളില്‍ 29 എണ്ണം സുരക്ഷാ സേന വെടിവെച്ചിട്ടതായും മേയര്‍ സെര്‍ജി സൊബിയാനിന്‍ അറിയിച്ചു.
ആക്രമണത്തെ യുക്രെയ്ന്‍ തീവ്രവാദമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ മാസം മൂന്നിനും മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അന്ന് പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് റഷ്യ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിരുന്നു. അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും റഷ്യന്‍ വ്യോമാക്രമണം തുടരുകയാണ്. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഒരാള്‍ മരിച്ചു. 20 റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.