തിരുവനന്തപുരം > പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് 66-ാ മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപ്പാൽ, ഗോളിയോർ എന്നിവിടങ്ങളിൽ വച്ച് നടത്തുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്ന് പ്രത്യേക ബോഗികൾ അനുവദിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.
മെയ് 31ന് ഉച്ചയ്‌ക്ക് കേരള എക്‌സ്പ്രസിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർഥികൾ അടക്കം 84 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ 1നും 2നും കേരള എക്‌സ്‌പ്രസ്സിൽ 80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ 190 പേരും പുറപ്പെടും.