ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തെ തുടർന്ന് ഇന്ത്യാ ഗേറ്റിന് സമീപം സുരക്ഷ വർധിപ്പിച്ചു. ഇവിടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചു. ഗുസ്തി താരങ്ങൾ ഇവിടെ സമരം ഇരിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് നടപടി. ഇന്നലെ ഹരിദ്വാറിൽ വെച്ച് ഗംഗയിൽ തങ്ങളുടെ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്നായിരുന്നു നേതാക്കൾ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യാ ഗേറ്റിലെ സമരത്തിൽ നിന്ന് താരങ്ങൾ പിന്മാറിയത്. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് നേരത്തെ ദില്ലി പൊലീസും വ്യക്തമാക്കിയിരുന്നു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി ഉടൻ ചർച്ച നടത്തും. അതിനിടെ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ഖാപ് പഞ്ചായത്ത് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.