ന്യൂഡൽഹി ∙ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പെൺകുട്ടിയെ കുത്തിയും തലയ്ക്കടിച്ചും സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സൈക്കോ അനാലിസിസ് (മാനസികാപഗ്രഥനം) പരിശോധന നടത്താൻ പൊലീസ്. 20 വയസ്സുള്ള പ്രതി എങ്ങനെയാണ് ഇത്രയും ക്രൂരമായ കൃത്യത്തിനു തയാറായതെന്നു കണ്ടെത്തുകയാണു ഡൽഹി പൊലീസിന്റെ ലക്ഷ്യം.
രോഹിണിയിലെ ഷാഹ്ബാദിൽ സാക്ഷി എന്ന 16 വയസ്സുകാരിയെയാണു ഞായറാഴ്ച 22 തവണ കുത്തിയശേഷം തലയിൽ സിമന്റ് സ്ലാബ് കൊണ്ട് ഇടിച്ചുകൊന്നത്. പ്രതി സാഹിലിനെ (20) യുപിയിലെ ബുലന്ദ്ഷെഹറിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. സൈക്കോ അനാലിസിസ് പരിശോധനാവേളയിൽ, സാഹിലിന്റെ കുടുംബം, സുഹൃത്തുക്കൾ, ജീവിതരീതി തുടങ്ങിയ കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചു മനസ്സിലാക്കും.
മൂന്നു മണിക്കൂറോളം നീളുന്ന പരിശോധനയിലൂടെ കുറ്റവാളിയുടെ മാനസികനില മനസ്സിലാക്കാൻ സാധിക്കുമെന്നു പൊലീസ് വൃത്തങ്ങൾ ദേശീയമാധ്യമത്തോടു പറഞ്ഞു. മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലാകും പരിശോധന. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിന്റെ നിരാശയിലാണ് കൊലപാതകം നടത്തിയതെന്നു സാഹിൽ കുറ്റസമ്മതം നടത്തിയിരുന്നു. സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു തിരക്കേറിയ വഴിയിൽവച്ചു സാഹിൽ പെൺകുട്ടിയെ ആക്രമിച്ചത്.
സാഹിലും സാക്ഷിയും അടുപ്പത്തിലായിരുന്നുവെന്നും ശനിയാഴ്ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഭിത്തിയോടു ചേർത്തു നിർത്തിയശേഷം തുടരെ കുത്തുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാം. എസി മെക്കാനിക്കായ സാഹിൽ മാതാപിതാക്കൾക്കും 3 സഹോദരങ്ങൾക്കുമൊപ്പം ഷഹ്ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണു താമസിച്ചിരുന്നത്. ഈ വർഷം 10–ാം ക്ലാസ് വിജയിച്ച സാക്ഷിയുടെ മാതാപിതാക്കൾ ദിവസവേതന തൊഴിലാളികളാണ്. ജെജെ കോളനിയിലാണു താമസം.