കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി.കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിനായി പണി ഏറ്റെടുത്തിട്ടുള്ള കരാറുകാരനായ പരാതിക്കാരൻ സമർപ്പിച്ചിരുന്ന ഇലക്ട്രിക്കൽ ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിന് സ്ഥലപരിശോധനക്ക് പോയ സമയത്ത് സോമൻ പരാതിക്കാരനിൽ നിന്നും 10,000 കൈക്കൂലി വാങ്ങിയിരുന്നു.
തുടർന്ന് ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോട്ടയം വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി രവികുമാറിനെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ട്രാപൊരുക്കി ഇന്ന് രാവിലെ 11ന് ഓഫീസ് റൂമിൽ വച്ച് കൈക്കൂലി വാങ്ങവേ അറസ്റ്റു ചെയ്യുകയുമായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി രവികുമാർ, ഡി.വൈ.എസ്.പി എ.കെ വിശ്വനാഥൻ, ഇൻസ്പെക്ടറായ ബി. മഹേഷ് പിള്ള, എസ്. പ്രദീപ്, ജി.രമേശൻ, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, ജയ്മാൻ, സാബു, സുരേഷ് കുമാർ, പ്രദീപ്, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബേസിൽ പി.ഐസക്, ഹരീസ്, ജി.സുരേഷ് ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.