സൗദി അറേബ്യയിൽ ജനസംഖ്യ മൂന്നു കോടി ഇരുപതു ലക്ഷം കടന്നു. 12 വർഷത്തിനിടെ ജനസംഖ്യ 34 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു കോടി മുപ്പത്തിനാല് ലക്ഷം വിദേശികളും ഇപ്പോൾ സൗദിയിലുണ്ട്. കഴിഞ്ഞ വർഷം സൗദിയിൽ നടന്ന ജനസംഖ്യാ കണക്കെടുപ്പിൻറെ വിവരങ്ങളാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടത്. ഇതുപ്രകാരം 3,21,75,224 ആണ് സൗദിയിലെ ജനസംഖ്യ. 2010-ൽ നിന്നും 2022-ൽ എത്തിയപ്പോൾ ജനസംഖ്യ 82 ലക്ഷം വർധിച്ചു. സൗദികളുടെ എണ്ണത്തിൽ 48 ലക്ഷവും വിദേശികളുടെ എണ്ണത്തിൽ 35 ലക്ഷവും വർദ്ധനവ് ഉണ്ടായി.
നിലവിൽ 58.4 ശതമാനം, അതായത് ഒരു കോടി എൺപത് ലക്ഷമാണ് സ്വദേശികൾ. ഒരു കോടി മുപ്പത്തിനാല് ലക്ഷം, അതായത് ജനസംഖ്യയുടെ 41.6 ശതമാനം വിദേശികളാണ്. ജനസംഖ്യയിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ളത് റിയാദ് നഗരത്തിലാണ്. ജിദ്ദ, മക്ക, മദീന, ദമാം എന്നിവയാണ് തൊട്ടുപിന്നിൽ. 63 ശതമാനം പേരും ശരാശരി 29 വയസ് പ്രായമുള്ളവരാണ്. 25 വയസാണ് സ്വദേശികളുടെ ശരാശരി പ്രായം.
8 ലക്ഷത്തോളം താമസ യൂണിറ്റുകളാണ് രാജ്യത്തു ഉള്ളത്. ഇതിൽ 51 ശതമാനവും അപ്പാർട്ട്മെൻറുകൾ ആണ്. സ്വദേശികളിൽ 50.2 ശതമാനവും വിദേശികളിൽ 76 ശതമാനവും പുരുഷന്മാരാണ്. സൗദി ചരിത്രത്തിലെ ഏറ്റവും സമഗ്രവും കൃത്യവുമായ ജനസംഖ്യാ കണക്കെടുപ്പാണ് കഴിഞ്ഞ വർഷം നടന്നത്. കണക്കുകൾ 95 ശതമാനത്തിൽ കൂടുതൽ കൃത്യമാണ്. ഓൺലൈൻ വഴിയും ടെലഫോൺ വഴിയും വീടുകൾ സന്ദർശിച്ചുമാണ് വിവരങ്ങൾ ശേഖരിച്ചത്. 9 ലക്ഷം ഫീൽഡ് സന്ദർശനങ്ങൾ ഉദ്യോഗസ്ഥർ നടത്തി.