കണ്ണൂർ: എക്സിക്യൂട്ടീവ് എക്പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെയിൽവേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും. ഷർട്ടിടാത്ത ഒരാൾ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. തീപിടിത്തത്തിൽ പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചു. പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരിൽ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം.
ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാർസൽ ജീവനക്കാർ അവിടെ ഉണ്ടായിരുന്നു. കൂടുതൽ പുകയുണ്ടെന്ന് പറഞ്ഞാണ് അവർ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോൾ സൈറൻ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തിന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദ. പെട്ടെന്നാണ് തീപടർന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്സാക്ഷി പറഞ്ഞു.