ന്യൂഡല്‍ഹി : തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ ബിജെപി പ്രവര്‍ത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വോട്ടും പ്രധാനമാണെന്ന് പറഞ്ഞ മോദി വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ രാഷ്ട്രീയ ആശയവിനിമയമായിരുന്നു ഇത്. ‘ഓരോ വോട്ടും പ്രധാനമാണ്, വോട്ടിംഗിന്റെ പ്രാധാന്യം നമ്മള്‍ ജനങ്ങളോട് പറയണം” നമോ ആപ്പ് വഴി വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കവേ മോദി പറഞ്ഞു. ”നമുക്ക് പ്രകൃതിദത്ത കൃഷിക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. രാസ രഹിത കൃഷിക്ക് കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷത്തില്‍ എല്ലാവരേയും ഉള്‍ക്കൊളിക്കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍, ജനുവരി 22 വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് ഷോകളും റാലികളും പദയാത്രകളും നടത്തുന്നത് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.