ദില്ലി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി. എന്നാല്‍ അയോഗ്യനാക്കപ്പെട്ടതിലൂടെ വലിയ അവസരമാണ് ലഭിച്ചത്. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.
ഇന്ത്യ- ചൈന ബന്ധം കഴിഞ്ഞ കാലങ്ങളില്‍ മോശമായി. ഇന്ത്യയിലെ അതിര്‍ത്തി മേഖലകളിൽ ചിലത് ചൈന കൈയ്യടക്കി വച്ചിരിക്കുന്നു. ഇന്ത്യക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാൻ ചൈനക്ക് കഴിയില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. റഷ്യയോട് ഇന്ത്യക്ക് ഉള്ളത് അടുത്ത ബന്ധമാണ്. ചില കാര്യങ്ങളില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുണ്ട്. സർക്കാരിന്‍റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ തനിക്ക് ഉള്ളതെന്നും റഷ്യയോടുള്ള കേന്ദ്രസർക്കാർ നയത്തെ പിന്തുണച്ച് രാഹുല്‍ പറഞ്ഞു.
നേരത്തെ, രാഹുൽ ഗാന്ധിയുടെ മോദി വിമർശനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂർ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.