മുംബൈ: ഇമെയിൽ വഴി ലോട്ടറി പ്രലോഭനത്തിലൂടെ മയക്കുമരുന്ന് കടത്തിന് ആളെ കണ്ടെത്തുന്ന പുതിയ തന്ത്രവുമായി ആഫ്രിക്കൻ മയക്കുമരുന്ന് മാഫിയ. ‘ലോട്ടറി’ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ രേഖകളിൽ ഒപ്പിടാനെന്ന വ്യാജേന ആഫ്രിക്കൻ രാജ്യങ്ങളിലെത്തിക്കുകയും മടക്കയാത്രയിൽ ഇന്ത്യയിലെ തങ്ങളുടെ സുഹൃത്തിന് കൈമാറാനെന്ന് പറഞ്ഞ് മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകൾ നൽകുന്നതുമാണ് തന്ത്രം. മയക്കുമരുന്ന് മാഫിയയുടെ കെണിയിൽപ്പെട്ട് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ ആന്ധ്ര സ്വദേശി, 75കാരനായ ഡി.എസ് ദുബേയിൽ നിന്നാണ് പുതിയ തന്ത്രത്തെ കുറിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.
കഴിഞ്ഞ മാർച്ചിൽ ദക്ഷിണ-കിഴക്കൻ ആഫ്രിക്കയിലെ മലാവിയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയതായിരുന്നു ദുബേ. രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിൽ 37 കോടി രൂപയുടെ ഹെറോയിൻ കണ്ടെത്തി. നിലവിൽ നവി മുംബൈയിലെ തലോജ ജയിലിലാണ് ദുബേ. 250 ഗ്രാമിലധികം ഉള്ളതിനാൽ വിപണന ആവശ്യത്തിനുള്ള മയക്കുമരുന്ന് കടത്തായാണ് പരിഗണിക്കുക. കുറ്റം തെളിഞ്ഞാൽ 20 വർഷം തടവ് ലഭിക്കും.
ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലക്കാരനാണ് ദുബേ. 82 കോടി രൂപ ജാക്പോട്ട് അടിച്ചതായുള്ള ഇമെയിലിനോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് കെണിയിലായത്. തുടർന്ന് എഡ്വേഡ് ഹിക്സ് എന്നയാൾ ബന്ധപ്പെട്ടു. രേഖകളിൽ ഒപ്പിടാൻ മലാവിയിലേക്കും തിരിച്ചുമുള്ള യാത്ര, താമസ ചെലവുകൾ എഡ്വേഡ് ഹിക്സിന്റെ പങ്കാളി ‘ഡോ ഹോൾമാനാ’ണത്രെ വഹിച്ചത്.
മടക്കയാത്രയിൽ ചെലവിനായി 200 ഡോളർ കൈയിൽ നൽകുകയും ചെയ്തു. നാട്ടിലെത്തുമ്പോഴേക്കും ലോട്ടറി പണം അക്കൗണ്ടിൽ എത്തുമെന്നാണത്രെ അവർ പറഞ്ഞത്. പുറപ്പെടാൻ നേരത്ത് ഡോ ഹോൾമാന്റെ ഇന്ത്യയിലുള്ള സുഹൃത്തിന് കൈമാറാനാവശ്യപ്പെട്ട് നൽകിയ ബാഗിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയതോടെയാണ് ബാഗിൽ മയക്കുമരുന്നുള്ള വിവരം ദുബേ അറിഞ്ഞതെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.