സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനീര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
1. പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സ്
സസ്യഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭ്യമായ പ്രോട്ടീന്‍റെ ഒന്നാന്തരം സ്രോതസ്സാണ് പനീര്‍. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒന്‍പത് അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ചീസിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായതിനാല്‍ ഇത് നിത്യവും കഴിക്കാവുന്നതുമാണ്.
2. ഭാരനഷ്ടത്തിന് മികച്ചത്
കാര്‍ബോ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ പനീര്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ആഹാരമാണ്. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ പനീര്‍ സഹായിക്കും.എന്നാല്‍ കാലറി അധികമായതിനാല്‍ അമിതമായ അളവില്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
3. പേശികള്‍ക്കും നല്ലത്
ഉയര്‍ന്ന നിലവാരത്തിലുളള പ്രോട്ടീനുള്ളതിനാല്‍ പേശികളുടെ നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കും പനീര്‍ സഹായിക്കും. ബോഡി ബില്‍ഡര്‍മാരും അത്‌ലറ്റുകളുമൊക്കെ ഇതിനാല്‍ തന്നെ പനീര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
4. പ്രമേഹം നിയന്ത്രിക്കും
ഇന്‍സുലിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് പനീറില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്.
5. എല്ലുകള്‍ക്കും പല്ലുകള്‍ക്കും മികച്ച പോഷണം
കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇത് നല്ലതാണ്.
6. പ്രതിരോധസംവിധാനത്തിന് ഊര്‍ജം
പനീറില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ സിങ്ക് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി, അണുബാധ പോലെയുള്ളവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്. അസുഖം വരുമ്പോൾ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ പനീറിലെ പ്രോട്ടീന്‍ ഉപകരിക്കും.
7. തലച്ചോറിന്‍റെ മികവ്
തലച്ചോറിന്‍റെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിന്‍ ബി12 പനീറില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെയും തടയുന്നു. പലപ്പോഴും വൈറ്റമിന്‍ ബി12 അഭാവം സസ്യാഹാരികളില്‍ കാണപ്പെടാറുണ്ട്. ഇത് പരിഹരിക്കാന്‍ ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്തുന്നത് സഹായകമാകും.
8. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കും
പനീറിലെ ട്രിപ്റ്റോഫാന്‍ സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്‍റെ ഉത്പാദനത്തെയും ഉത്തേജിപ്പിക്കുന്നു. ഇത് സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.
പനീര്‍ ടിക്ക, പനീര്‍ ബുര്‍ജി, പനീര്‍ പറാത്ത, പനീര്‍ ബട്ടര്‍ മസാല എന്നിങ്ങനെ വിവിധ തരം രുചികരമായ വിഭവങ്ങള്‍ പനീര്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ മിതമായ തോതില്‍ കഴിക്കാനും കൊഴുപ്പ് കുറഞ്ഞ പനീര്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.