കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പ്രവേശിച്ച പ്രവാസി നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു. വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനകള്‍ക്കിടെ ഇയാള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങുകയും എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്‍തു. അവിടെ നിന്നാണ് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് നടന്ന അന്വേഷണത്തില്‍ പിടികൂടി.
ഒരു ആഫ്രിക്കന്‍ രാജ്യത്തു നിന്ന് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇയാള്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പാസ്‍പോര്‍ട്ട് കൗണ്ടറില്‍ എത്തിയപ്പോള്‍ വിരലടയാളം പരിശോധിച്ചു. അപ്പോഴാണ് നേരത്തെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട ആളാണെന്നും തിരികെ വരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മനസിലായത്. ഇതോടെ എയര്‍പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇയാളെ കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചയക്കാന്‍ വേണ്ടിയാണ് ഇയാളെ എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റിയത്. അവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി.
ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലെ യാര്‍ഡിലേക്കും അവിടെ നിന്ന് വേലി ചാടി പുറത്തേക്കും പോവുകയായിരുന്നു എന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിവിധ വകുപ്പുകള്‍ ചേര്‍ന്ന് വ്യാപകമായ അന്വേഷണം തുടങ്ങുകയും ചെയ്‍തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് പഴുതുകള്‍ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചു.