മനുഷ്യർ തമ്മിൽ പരസ്പരം ഉണ്ടാകുന്നതിനേക്കാൾ വലിയ ആത്മബന്ധമാണ് മനുഷ്യരും അവരുടെ വളർത്തു മൃഗങ്ങളും തമ്മിൽ പലപ്പോഴും ഉണ്ടാകാറുള്ളത്. ഇക്കൂട്ടത്തിൽ ആത്മബന്ധം കൂടുതൽ പ്രകടിപ്പിക്കുന്ന ജീവികൾ പൂച്ചയും നായയുമാണ്. തങ്ങളുടെ യജമാനന്മാരുടെ നേരിയ ചലനങ്ങൾ പോലും അവയ്ക്ക് തിരിച്ചറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഒരു പൂച്ചക്കുട്ടിയും അതിൻറെ ഉടമയായ സ്ത്രീയും തമ്മിലുള്ള ആത്മബന്ധം കാണിച്ചു തരുന്നതാണ് ഈ വീഡിയോ. ആനിമൽസ് ബീംഗ് ബ്രോസ് എന്ന ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ട ഈ ക്ലിപ്പ് ഏറെ ഹൃദയസ്പർശിയാണ്. കാരണം തൻറെ വഉടമ ഗർഭിണിയാണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് അവർക്ക് സദാസമയം പരിചരണം നൽകുന്ന ഒരു പൂച്ചക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇത്.
Cat discovered her mommy is pregnant.. 😊 pic.twitter.com/28WKvjXiDI
— aww (@omgaww) May 30, 2023
“അമ്മ ഗർഭിണിയാണെന്ന് പൂച്ച കണ്ടെത്തി” എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയ പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗർഭിണിയായ യുവതിയുടെ ചാരെ അവളുടെ വിശ്രമവേളകളിലെല്ലാം സജീവ സാന്നിധ്യമായി കൂട്ടിരിക്കുന്ന പൂച്ചക്കുട്ടിയാണ് ദൃശ്യങ്ങളിൽ. ഇടയ്ക്ക് വയറിൽ തലോടി കൊടുക്കുന്നതും തലകൊണ്ട് വയറിൽ ഉരുമുന്നതും കാണാം. ഒരു തലയിണ പോലെ തൻറെ ശരീരത്തിൽ എപ്പോഴും വയറു ചായ്ച്ചുവെച്ച് കിടക്കാൻ പൂച്ച യുവതിയെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട് വീഡിയോയിൽ. ഇതിനെല്ലാം പുറമേ കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോൾ ഉള്ള പൂച്ചയുടെ പ്രതികരണത്തിന്റെ ചിത്രങ്ങളും ഈ വീഡിയോയ്ക്ക് ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകൾ കാണുകയും പൂച്ചയുടെ ഉടമയോടുള്ള സ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും മനുഷ്യനെക്കാൾ തിരിച്ചറിവ് മൃഗങ്ങൾക്കാണ് എന്നാണ് വീഡിയോ കണ്ട ഒരു ഉപഭോക്താവ് കുറിച്ചത്.












