മരിച്ചുപോയ തൻറെ സഹോദരൻറെ വിന്റേജ് വാച്ചിന്റെ യഥാർത്ഥ മൂല്യം അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു സഹോദരനും കുടുബവും. 1980 -കളിലായിരുന്നു ഈ വാച്ച് മരിച്ചുപോയ വ്യക്തി സ്വന്തമാക്കിയത്. ഒരു റോഡ് അപകടത്തിൽ അദ്ദേഹം മരണപ്പെട്ട ശേഷമാണ് ചെറിയ തകരാറുകളോടെ വാച്ച് ഇളയ സഹോദരൻറെ കൈവശം എത്തിയത്. 1980-കളുടെ തുടക്കത്തിൽ 300 പൗണ്ടിന് (ഇന്ന് ഏകദേശം 30,000 രൂപ) ആയിരുന്നു മരിച്ചുപോയ വ്യക്തി വാച്ച് വാങ്ങിയത്.
എന്നാൽ, അത് ഒരു പഴയ ഫാഷൻ ആയി തോന്നിയ സഹോദരൻ അത് ധരിച്ചില്ല എന്ന് മാത്രമല്ല വാച്ച് സുരക്ഷിതമായി ഒരു അലമാരയിൽ സൂക്ഷിച്ചു. ഏകദേശം മൂന്നു പതിറ്റാണ്ടിലേറെ കാലം ആ വാച്ച് അങ്ങനെ അലമാരയ്ക്കുള്ളിൽ ആരും കാണാതെ കിടന്നു. അതുകൊണ്ടുതന്നെ വാച്ചിന് പിന്നീട് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചില്ല. ഒമേഗ സ്പീഡ്മാസ്റ്റർ അപ്പോളോ-സോയൂസ് എന്ന വാച്ചായിരുന്നു ഇത്. 1975 -ൽ മൂന്ന് അമേരിക്കൻ ബഹിരാകാശകരും രണ്ട് സോവിയറ്റ് ബഹിരാകാശകരും ബഹിരാകാശത്ത് നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണാർത്ഥം നിർമ്മിച്ചതായിരുന്നു ഈ റെയർ എഡിഷൻ വാച്ച്. ഈ പ്രത്യേക പതിപ്പുകളിൽ 400-500 എണ്ണം മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ.
വാച്ചിന്റെ രസീതുകളും പേപ്പർ വർക്കുകളും പരിശോധിച്ചപ്പോൾ ആണ് അത് ഒരു വിന്റേജ് പീസ് ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്. എപ്പോഴെങ്കിലും വാച്ച് വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ഇതിപ്പോൾ കൈവശം വച്ചിരിക്കുന്ന സഹോദരന് കുറഞ്ഞത് 80,000 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) പ്രതീക്ഷിക്കാമെന്നാണ് ലേലക്കാർ വെളിപ്പെടുത്തുന്നത്. ബിബിസി ആന്റിക്‌സ് റോഡ്‌ഷോയിലാണ് ഇത്തരത്തിലുള്ള ഒരു വാച്ച് തന്റെ കൈവശമുണ്ട് എന്ന വെളിപ്പെടുത്തലുമായി ബ്രിട്ടൻ സ്വദേശിയായ മനുഷ്യൻ രംഗത്തെത്തിയത്.
ഏതാനും നാളുകൾ മുൻപ് 70 പൗണ്ടിന് (ഏകദേശം 7,000 രൂപ) വാങ്ങിയ ഒരു പുരാതന വാച്ച് 40,000 പൗണ്ടിന് (ഏകദേശം 41 ലക്ഷം രൂപ) വീണ്ടും വിറ്റു പോയിരുന്നു.