കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലം കടന്ന്, നിരന്തരമായ പരിശ്രമത്തിലൂടെ അഭിമാനകരമായ ഒരു ജോലി സമ്പാദിച്ച് അച്ഛനെയും അമ്മയെയും ഒപ്പം നിര്‍ത്തുന്ന യുവതലമുറയുടെ നിരവധി കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. കഷ്ടപ്പാടുകളുടെ കഴിഞ്ഞകാലങ്ങളില്‍ മക്കളെ വളര്‍ത്താന്‍ ഓരോ അച്ഛനും അമ്മയും സഹിച്ച ത്യാഗങ്ങളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ വായക്കാരുടെ ഉള്ള് പൊള്ളിച്ചിട്ടുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവത്തിലേക്കാണ് ആയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം തന്‍റെ ട്വിറ്റര്‍ സുഹൃത്തുക്കളെ കൊണ്ടുപോയത്.
പതിവ് കുറിപ്പുകളെ പോലെ ഏറെ പരത്തി പറഞ്ഞുള്ള കുറിപ്പല്ല ആയുഷ് ഗോയലിന്‍റെത്. വളരെ കുറച്ച് വാക്കുകളില്‍ അദ്ദേഹം തന്‍റെ വിദ്യാഭ്യാസകാലത്തെ അനുഭവവും കുടുംബത്തിലെ സാമ്പത്തിക ഞെരുക്കവും വിവരിക്കുന്നു. ഓണ്‍ലൈനിലൂടെ ട്വിറ്ററിനെ അടിസ്ഥാനമാക്കിയുള്ള ക്യാംമ്പൈനിംഗുകളും ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യുന്നതിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് അദ്ദേഹം തന്‍റെ വരുമാനം കണ്ടെത്തുന്നത്. തനിക്ക് പറയാനുള്ള കാര്യം ട്വിറ്ററില്‍ കുറിച്ചപ്പോഴും അദ്ദേഹം വളരെ കുറച്ച് വാക്കുകളെ ഉപയോഗിച്ചൊള്ളൂ. ആളുകളെ തന്‍റെ ജീവിതാനുഭവം വായിപ്പിച്ച് അദ്ദേഹം ബോറടിപ്പിച്ചില്ല. പകരം ആയുഷ് ഇങ്ങനെ കുറിച്ചു.
‘ഒരു മുഴുവൻ സമയ അമ്മയും ഭാര്യയുമാകാൻ എന്‍റെ അമ്മ മാസം 70 ഡോളറിന് വേണ്ടി 9-5 (ജോലി സമയം) മുഴുവന്‍ സമയ ജോലിയില്‍ നിന്നും ഒരു പൊടിക്ക് രക്ഷപ്പെട്ടു.
ഇതായിരുന്നു അവരുടെ സ്വപ്നം.
കോളേജിൽ പഠിക്കാൻ പണമില്ലാത്തതിനാൽ ഞങ്ങൾ രണ്ടുപേരും കുളിമുറിയിൽ നിന്ന് കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
എന്‍റെ മാത്രമല്ല അമ്മയുടെ ജീവിതത്തെയും ട്വിറ്റർ മാറ്റിമറിച്ചു.
എന്‍റെ 764 സുഹൃത്തുക്കൾക്ക് നന്ദി.’
കൂടെ അമ്മയുടെ രണ്ട് ചിത്രങ്ങള്‍ കൂടി അദ്ദേഹം പങ്കുവച്ചു. ഒന്നില്‍ ജോലി സ്ഥലത്ത് ഇരിക്കുന്ന അമ്മയും രണ്ടാമത്തെതില്‍ പുതിയ ഒരു വീട്ടില്‍ നില്‍ക്കുന്ന അമ്മയുടെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം തന്‍റെ അമ്മയുടെ സ്വപ്നത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ നെറ്റിസണ്‍സിന് ചേര്‍ത്ത് പിടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവരെല്ലാവരും തന്നെ അദ്ദേഹത്തിനൊപ്പം നിന്നു. ആ അമ്മയുടെയും മകന്‍റെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. “ആയുഷ്, ഇത് എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. അത് അവിശ്വസനീയമാണ്. നിങ്ങളുടെ യാത്രയില്‍ തുടര്‍ന്നും നിങ്ങള്‍ക്ക് കൂടുതൽ ശക്തി ലഭിക്കട്ടെ!” ഒരു ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ഇത് ഈ ലോകത്തിലെ ഓരോ ചെറുപ്പക്കാരന്‍റെയും സ്വപ്നമാണ്. അഭിനന്ദനങ്ങൾ ആയുഷ്!”