മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി ഉഡുപ്പി സ്വദേശി ആദിത്യ റാവു ഷിവമൊഗ്ഗ ജയിലിൽ നടത്തിയ ആക്രമണത്തിൽ ടെലിവിഷനും അനുബന്ധ സാമഗ്രികളും തകർന്നു. വിഡിയോ കോൺഫറൻസിങ് വിഭാഗത്തിൽ ചെന്ന് തനിക്കെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. ജീവനക്കാർ രേഖകൾ പരിശോധിച്ച് ഒന്നും ഇല്ലെന്ന് അറിയിച്ചപ്പോൾ തിരിച്ചുപോയി. എന്നാൽ പൊടുന്നനെ മടങ്ങിയെത്തി കൈയിൽ കരുതിയ കല്ലുകൊണ്ട് ടി.വി ഇടിച്ച് കേടുവരുത്തുകയായിരുന്നെന്ന് ഷിവമൊഗ്ഗ സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് തുംഗ നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിൽ പറഞ്ഞു. വിഡിയോ കോൺഫറൻസിങ് വിഭാഗത്തിലെ ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ കുതറി മറ്റൊരു ടി.വിയും തകർത്തു. കൂടുതൽ ജീവനക്കാർ എത്തി കീഴ്പ്പെടുത്തി ജയിലർക്ക് കൈമാറുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു.
2020 ജനുവരി 20നാണ് ആദിത്യ റാവു വിമാനത്താവളത്തിൽ ബോബ് വെച്ചത്. ഓട്ടോയിൽ വിമാനത്താവളത്തിൽ വന്നിറങ്ങി ബോംബ് അടക്കം ചെയ്ത ലാപ്ടോപ് ബാഗ് എയർഇന്ത്യ ഓഫിസിന് മുന്നിൽ വെച്ച് കടന്നുകളയുകയായിരുന്നു. റാവു വെച്ച ബാഗിൽ ബോംബാണെന്ന സൂചന വിമാനത്താവളം സുരക്ഷ വിഭാഗത്തിന് ഉണ്ടായിരുന്നില്ല. സി.ഐ.എസ്.എഫ് നായ ലിനയായിരുന്നു മണം പിടിച്ച് ബോംബ് കണ്ടെത്തിയത്. വൻ സ്ഫോടനം സൃഷ്ടിക്കുമായിരുന്ന ബോംബ് വിമാനത്തിന് പുറത്ത് കിലോമീറ്ററുകൾ അകലെ ഗ്രൗണ്ടിൽ നിർവീര്യമാക്കിയതോടെ വലിയ ദുരന്തം ഒഴിയുകയായിരുന്നു. മംഗളൂരു ജില്ല അഡീഷനൽ മജിസ്ട്രേറ്റ് കോടതി 20 വർഷം തടവാണ് പ്രതിക്ക് വിധിച്ചിരുന്നത്.