ന്യൂഡൽഹി: ഗുരുതര ലൈംഗികാരോപണങ്ങൾ നേരിടുന്ന ബി.ജെ.പി എം.പിയും റസ് ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബ്രിജ് ഭൂഷണെതിരായ എഫ്.ഐ.ആറിന്റെ കോപ്പി ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ വിമർശനം. ”നരേന്ദ്ര മോദി, ഈ ഗുരുതര കുറ്റകൃത്യങ്ങൾ വായിക്കൂ. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാനെന്ന് ഞങ്ങൾക്ക് പറഞ്ഞു തരൂ”.-എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
രണ്ട് എഫ്.ഐറുകളിലായി ബ്രിജ് ഭൂഷണിനെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് ഉന്നയിച്ചത്. സ്ത്രീകളെ മോശമായി സ്പർശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വെറ്റ് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും താൻ വേട്ടയാടപ്പെടുകയാണെന്നുമാണ് ബ്രിജ് ഭൂഷന്റെ വാദം.
ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നത് കേന്ദ്ര സർക്കാരാണ് എന്നതിൽ അപമാനം തോന്നുന്നുവെന്നാണ് ശിവസേന എം.പി പ്രിയങ്ക ചതുർവേദി പരിഹസിച്ചു. ”ഇന്ത്യയുടെ പ്രധാനമന്ത്രി ഈ മനുഷ്യനെ സംരക്ഷിക്കുകയാണ്. കേന്ദ്ര വനിത, ശിശു ക്ഷേമ മന്ത്രി ഈ മനുഷ്യനെതിരെ ഒരക്ഷരവും ഉരിയാടുന്നില്ല. കേന്ദ്ര കായിക മന്ത്രി ഇയാൾക്കെതിരെ കണ്ണടക്കുകയാണ്. ഈ മനുഷ്യനെതിരെ നടപടിയെടുക്കാൻ ഡൽഹി പൊലീസ് താമസം വരുത്തുകയാണ്. എന്തുകൊണ്ടാണ് ഇയാളെ ബി.ജെ.പി സർക്കാർ സംരക്ഷിക്കുന്നത്. ആർക്കെങ്കിലും മറുപടിയുണ്ടോ?”- എന്നാണ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തത്.