എല്ലാ ദിവസവും ജോലിക്കിടെ ആറ് മണിക്കൂര്‍ ടോയ്‍ലറ്റില്‍ ചെലവഴിച്ചിരുന്ന യുവാവിനെ കമ്പനി പുറത്താക്കി. ചൈനയിലാണ് സംഭവം. എന്നാല്‍, അന്യായമായ പിരിച്ച് വിടലായിരുന്നുവെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാണിച്ച് വാങ് തന്‍റെ കമ്പനിക്കെതിരെ നിയമ നടപടി ഫയല്‍ ചെയ്തു. പക്ഷേ, തോഴിലുടമയ്ക്ക് അനുകൂലമായ വിധിയായിരുന്നു ചൈനീസ് കോടതിയില്‍ നിന്നുമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2006 ഏപ്രിലാണ് വാങ് ജോലിക്ക് ചേരുന്നത്. 2014 ഡിസംബറിൽ, വാങ് പൈല്‍സ് രോഗത്തിന് ചികിത്സ തേടി. തുടക്കക്കാലത്ത് ചികിത്സ വിജയകരമായിരുന്നു. എന്നാല്‍ പോകെ പോകെ അദ്ദേഹത്തിന്‍റെ രോഗം മൂര്‍ച്ഛിച്ചു. പിന്നാലെ ടോയ്‍ലന്‍റിലേക്കുള്ള യാത്ര പതിവായി. 2015 ജൂലൈ മുതൽ ദിവസേന മൂന്ന് മുതൽ ആറ് മണിക്കൂർ വരെ അദ്ദേഹം ടോയ്‍ലന്‍റില്‍ ചിലവഴിക്കാന്‍ നിര്‍ബന്ധിതനായി. തനിക്ക് തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നതിനാലാണ് നിരന്തരം ടോയ്‍ലന്‍റ് ഉപയോഗിക്കേണ്ടി വരുന്നതെന്ന് വാങ് പറയുന്നു. 2015 സെപ്റ്റംബർ 7 മുതൽ 17 വരെ ഓരോ വർക്ക് ഷിഫ്റ്റിലും വാങ് ടോയ്‍ലറ്റിലേക്ക് രണ്ടോ മൂന്നോ തവണ പോയിരുന്നെന്നും ഈ കാലഘട്ടത്തില്‍ അദ്ദേഹം ഇത്തരത്തില്‍ 22 തവണ ടോയ്‍ലറ്റ് ഉപയോഗിച്ചെന്നും കമ്പനി രേഖകള്‍ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിനേക്കാള്‍ അദ്ദേഹത്തിന്‍റെ ഇത്തരത്തിലുള്ള ഓരോ യാത്രയും 47 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ നീണ്ടുനിന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് പതിവായതോടെ 2015 സെപ്തംബര്‍ 23 ന് കമ്പനി വാങിന്‍റെ കരാര്‍ അവസാനിപ്പിച്ചു. കാലതാമസം, ജോലിയിലെ അലംഭാവം ഇങ്ങനെ നിരവധി ലംഘനങ്ങള്‍ കമ്പനി ചൂണ്ടിക്കാണിച്ചു. ജോലി പോയതിന് പിന്നാലെ വാങ് കമ്പനിയുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. പക്ഷേ വാങിനെ തിരിച്ചെടുക്കുന്നതില്‍ കമ്പനി ഒരു താത്പര്യവും കാണിച്ചില്ല. ഇതോടെയാണ് വാങ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കോടതിയാകട്ടെ വാങിന്‍റെ ദൈര്‍ഘ്യമേറിയ ടോയ്‌ലറ്റ് യാത്രകള്‍ ആരോഗ്യ ആവശ്യത്തേക്കാള്‍ ഏറെയാണെന്നായിരുന്നുവെന്നും അതിനാല്‍ പിരിച്ച് വിട്ട നടപടി നിയമപരമായി സാധുവാണെന്നും ന്യായമാണെന്നും വിധിച്ചു.
വാങിന്‍റെ പിരിച്ച് വിടലും കോടതി നടപടികളും ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഭൂരിഭാഗം പേരും കോടതിയുടെയും കമ്പനിയുടെയും തീരുമാനത്തിനൊപ്പം നിന്നു. “എട്ട് മണിക്കൂർ ജോലിക്കിടെ ദിവസവും നാല് മണിക്കൂര്‍ ടോയ്‍ലറ്റില്‍ ചെലവഴിക്കുകയോ? ഏത് തൊഴിലുടമക്കാണ് അത് അംഗീകരിക്കാൻ കഴിയുക?” ഒരു വായനക്കാരന്‍ എഴുതി. മറ്റൊരാള്‍ എഴുതിയത്, ‘ഇത് മൂത്രപ്പുര ഉപയോഗിക്കുന്നതിന് പണം നല്‍കുന്നത് പോലെയാണ്’ എന്നായിരുന്നു. എന്നാല്‍, ആരും തന്നെ ഒരു ജോലിക്കാരന്‍ തന്‍റെ ജോലി സമയത്ത് ടോയ്‍ലറ്റ് ഉപയോഗിച്ചതിന്‍റെ എണ്ണവും സമയദൈര്‍ഘ്യവും രേഖപ്പെടുത്തിയ കമ്പനി നടപടിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.