കൊല്ലം: ഏരൂരിൽ സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു. ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ വയോധികനെ ആശുപത്രിയിൽ കൊണ്ടു പോകാതെ ബസ് ജീവനക്കാർ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
മുഴുതാങ്ങ് ക്ഷേത്രത്തിനടുത്ത് വച്ചാണ് സംഭവം. ബസിനുള്ളിൽ വെച്ച് സിദ്ദീഖിന് ശാരീരിക അസ്വസ്ഥതയുവുകയും ഛര്‍ദിക്കുകയും ചെയ്തു. എന്നാൽ സിദ്ദീഖിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജീവനക്കാർ തയ്യാറായില്ല. ഇവര്‍ കാത്തിരിപ്പ് കേന്ദ്രത്തിൽ സിദ്ദീഖിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് നാട്ടുകാരുടെ പരാതി.
ബോധരഹിതനായി കിടന്ന സിദ്ദീഖിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ സ്വകാര്യബസ് ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സഹയാത്രക്കാരന്റെ ശരീരത്തിൽ ഛർദ്ദിച്ചതിനാലാണ് ബസിൽ നിന്ന് സിദ്ദിഖിനെ പുറത്താക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി. അസ്വാഭാവിക മരണത്തിന് ഏരൂർ പൊലീസ് കേസെടുത്തു. ഇടുക്കി സ്വദേശിയായ സിദ്ദിഖ് കുറച്ചു മാസങ്ങളായി ഏരുരിൽ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു.