ഭുവനേശ്വർ: ബിഹാറിലെ മധുബനിയിലെ വീട്ടിൽ നിന്ന് രണ്ട് ആൺമക്കളെയും കൊണ്ട് രണ്ട് ദിവസം മുമ്പാണ് ലാൽജി സഗായ് (40)പുതിയ ജീവിതം സ്വപ്നം കണ്ടിറങ്ങിയത്. ഇളയ മകനെ വീട്ടിൽ തന്നെ നിർത്തി. കോറമാൻഡൽ എക്സ്പ്രസ് ട്രെയിനിൽ ചെന്നൈയിലേക്കാണ് അവർ പുറപ്പെട്ടത്. ജനറൽ കമ്പാർട്മെന്റിലായിരുന്നു യാത്ര. അവിടെയായിരുന്നു ലാൽജി ജോലി ചെയ്തിരുന്നത്. മക്കൾക്കും എന്തെങ്കിലും ജോലി കണ്ടുപിടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഇന്നലെ വൈകീട്ട് ഒഡീഷയിലെ ബാലസോറിൽ വെച്ച് ഈ ട്രെയിൻ അപകടത്തിൽ പെട്ടു. അപകടത്തിൽ ലാൽജിയുടെ മൂത്ത മകൻ സുന്ദർ മരിച്ചു. ”ചെന്നൈയിലേക്കുള്ള യാത്രക്ക് ഞങ്ങൾ ഒമ്പത് പേരാണുണ്ടായിരുന്നത്. അവിടെ സെക്യൂരിറ്റി ഗാർഡ് ആയാണ് ഞാൻ ജോലി നോക്കുന്നത്. പ്രതിമാസം 17,000രൂപ കിട്ടും. ഡബിൾ ഡ്യൂട്ടി എടുക്കേണ്ടി വരും. ഞങ്ങളുടെ ഗ്രാമത്തിൽ ജോലി സാധ്യത ഇല്ലാത്തതിനാലാണ് രണ്ടു മക്കളെയും ചെന്നൈയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. കുടുംബത്തിന് ഒരു തുണയാകുമല്ലോ…എന്നാൽ മറ്റൊന്നാണ് വിധി കരുതി വെച്ചത്. അപകടസ്ഥലത്തു വെച്ചു തന്നെ മകൻ സുന്ദർ മരിച്ചു. എന്റെ കൈകൾ കൊണ്ടാണ് ഞാനവനെ എടുത്തുമാറ്റിയ്. എന്തു ചെലവു വന്നാലും അവന്റെ മൃതദേഹം ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും.”-ലാൽജി കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.
ലാൽജിയുടെ സഹോദരി ഭർത്താവ് ദിലീപും അപകടത്തിൽ മരിച്ചു. ലാൽജിയുടെ ഇളയ മകൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ലാൽജിയെ പോലെ അപകടത്തിൽ പരിക്കേറ്റവർ ബാലസോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ 261 പേരാണ് മരിച്ചത്.