തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് ഗൗരവമായി കാണണമെന്നും അത്തരക്കാര്‍ക്കെതിരെ ഡീബാറിങ് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാകണമെന്നും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എല്‍) ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈവിധ്യമാര്‍ന്ന ജീവിത രീതികളുള്ള ഇന്ത്യയില്‍ ഏകീകരണമല്ല, ഐക്യമാണ് ഉണ്ടാകേണ്ടത്. ഹിന്ദുമതം എന്ന ആശയം ഇന്ന് നിക്ഷിപ്ത താൽപര്യക്കാര്‍ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകുകയാണ്. ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും അടിസ്ഥാനത്തിലുള്‍പ്പെടെ വിഭാഗീയ നിലപാടുകളാണ് എല്ലായിടത്തും ഇന്ന് ദൃശ്യമാകുന്നത്.
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതും മറ്റുപാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതില്‍ മാറ്റം വരുത്താന്‍ നിയമഭേദഗതി വേണം. എൽ.കെ.ജി വിദ്യാർഥികളെപ്പോലെ, പക്വതയുള്ള മുതിര്‍ന്ന എം.പിമാരും എം.എൽ.എമാരും സ്വാധീനിക്കപ്പെടുമെന്ന് ഭയന്ന് അവരെ റിസോര്‍ട്ടുകളിലേക്ക് മാറ്റേണ്ടിവരുന്ന സ്ഥിതി പരിഹാസ്യമാണ്. പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഇനി രജിസ്റ്റര്‍ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുരോഗമനവാദികളായ ജഡ്ജിമാരും സ്വന്തം പുരോഗമനം ആഗ്രഹിക്കുന്ന ജഡ്ജിമാരുമുണ്ട്. റിട്ടയര്‍മെന്‍റിന് ശേഷമുള്ള സ്ഥാനമോഹം ജഡ്ജിമാരില്‍ ഇല്ലാതാകണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. അഡ്വ.ബി. പ്രഭാകർ അധ്യക്ഷതവഹിച്ചു. അഡ്വ.കെ.പി. ജയചന്ദ്രൻ, അഡ്വ.എ. ജയശങ്കർ, അഡ്വ. സി.ബി. സ്വാമിനാഥൻ, അഡ്വ. പി.എ. അയൂബ് ഖാൻ എന്നിവർ സംസാരിച്ചു.