ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചത് ദുരന്തകാരണമായി. അതേ സമയം റയിൽവേ മന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നീക്കം.
കേന്ദ്രമന്ത്രിമാരുൾപ്പടെ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികൾ ഏകോപിപ്പിക്കുന്നത്. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാൻ നടപടി തുടങ്ങി. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് ഡി എൻ എ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.