മുംബൈ: സഹപ്രവർത്തകയോട് ദുരുദ്ദേശ്യത്തോടെ സുന്ദരിയാണെന്ന് പറയുകയും ഡേറ്റിന് ക്ഷണിക്കുകയും ചെയ്യുന്നത് ലൈംഗിക പീഡന പരിധിയിൽ ഉൾപ്പെടുമെന്ന് കോടതി. സഹപ്രവർത്തകയോട് മോശമായ ഭാഷ ഉപയോഗിക്കുകയും അഭിമാമത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ 42 കാരനായ അസിസ്റ്റന്റ് മാനേജരുടെയും സെയിൽസ് മാനേജരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെയാണ് അസി. മാനേജരും സെയിൽസ് മാനേജരായ 30-കാരനും നിരന്തരമായി ശല്യം ചെയ്തത്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കേസിന് നിരവധി മാനങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. നിരവധി വശങ്ങൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്തില്ലെങ്കിൽ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി എ ഇസെഡ് ഖാൻ രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി പറഞ്ഞു. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാവുന്ന കേസല്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 24 നാണ് യുവതി ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. ഐപിസി 354, 354 എ, 354 ഡി, 509 പ്രകാരമാണ് പൊലീസ് കേസെടുത്തത്. മാർച്ച് ഒന്നിനും ഏപ്രിൽ 14 നും ഇടയിൽ പ്രതികൾ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. നിങ്ങൾ സുന്ദരിയാണ്. നിങ്ങളുടെ സൗന്ദര്യം നിങ്ങൾ കാത്തുസൂക്ഷിക്കുന്നു.
എന്നോടൊപ്പം പുറത്തുവരാമോ- എന്ന രീതിയിൽ പ്രതികൾ പരാതിക്കാരിയായ യുവതിയോടെ ദുരുദ്ദേശ്യത്തോടെ ചോദിച്ചെന്ന് യുവതി പരാതിയിൽ ആരോപിച്ചു. എന്നാൽ, തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പ്രതികൾ വാദിച്ചു. പ്രതിയായ സെയിൽസ് മാനേജരുടെ പിതാവ് പരാതിക്കാരിയെയും മറ്റ് ജീവനക്കാരെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെന്ന് ഉത്തരവിൽ ജഡ്ജി പറഞ്ഞു. ഗൗരവമുള്ള കുറ്റകൃത്യമാണെന്നും പ്രതികൾ പരാതിക്കാരിയെയും തൊഴിലുടമയെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെന്നും ഉത്തരവിൽ ജഡ്ജി വ്യക്തമാക്കി.