ബറേലി: ഇതര മതക്കാരിയായ 28 കാരിയെ തട്ടിക്കൊണ്ടുപോയതിന് ന്യൂനപക്ഷ സമുദായത്തിലെ രണ്ട് സഹോദരങ്ങൾക്കും അവരുടെ മാതാവിനുമെതിരെ യുപി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസിൽ ട്വിസ്റ്റ്. 21 കാരിയായ വനിതാ സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. യുവതി കാമുകിയായ 21കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
മെയ് 26നാണ് യുവതിയെ കാണാതായത്. തുടർന്ന്, അവളുടെ കുടുംബം പരാതി നൽകി. അന്വേഷണത്തിനൊടുവിൽ മെയ് 30 ന് രണ്ട് സഹോദരന്മാർക്കും അവരുടെ അമ്മയ്‌ക്കുമെതിരെ ഐപിസി സെക്ഷൻ 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവം ലൗ ജിഹാദാണെന്ന് ആരോപിച്ച് വലതുപക്ഷ പ്രവർത്തകർ ബറേലി ജില്ലയിലെ അൻല പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധവും സംഘടിപ്പിച്ചു.
വ്യാഴാഴ്ച പൊലീസ് യുവതിയെയും അവളുടെ കാമുകിയെയും കണ്ടെത്തി. ഞങ്ങൾ മൂന്ന് വർഷമായി പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും മറ്റൊരാളുമായി കുടുംബം വിവാഹത്തിന് നിർബന്ധിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.
മാതാപിതാക്കൾ ഒമ്പത് വർഷം മുമ്പ് മരിച്ചെന്നും പിന്നീട് സഹോദരിയെ നോക്കുന്നത് തങ്ങളാണെന്നും തിരോധാനത്തിന് പിന്നിൽ സഹോദരന്മാർക്ക് പങ്കുണ്ടെന്ന് ഞാൻ കരുതിയാണ് പൊലീസിൽ പരാതി നൽകിയതെന്നും സഹോദരൻ പറഞ്ഞു. സഹോദരിയോടും അവളുടെ സുഹൃത്തിനോടും സംസാരിച്ചെന്നും ഈ വഴി സ്വീകരിക്കരുതെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും സഹോദരൻ വ്യക്തമാക്കി. ഒരുമിച്ചു ജീവിക്കുന്നുവെന്ന് ഇരുവരും സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ടെന്നും കേസിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഓൺലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഒപി സിംഗ് പറഞ്ഞു.
വിഷയം കോടതിയുടെ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇത് ലൗ ജിഹാദല്ലെന്ന് കണ്ടെത്തി. കേസെടുത്ത സഹോദരങ്ങളെയും മാതാവിനെയും എല്ലാ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയെന്നും പൊലീസ് അറിയിച്ചു.