കമ്പം: തമിഴ്നാട് മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റുമെന്ന് സൂചന. തിരുനെൽവേലി ജില്ലയിലെ പാപനാശം കാരയാർ അണക്കെട്ടിലെ വനമേഖലയിലാണ് തുറന്നുവിടാൻ ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.. ഇന്ന് പുലർച്ചെയാണ് പൂശാനം പെട്ടിയിൽ നിന്ന് പിടികൂടിയത്. അരിക്കൊമ്പനുമായുള്ള വാഹനം യാത്ര തുടരുകയാണ്. കൊമ്പന്റെ തുമ്പിക്കൈയിൽ നല്ല പോലെ മുറിവേറ്റിട്ടുണ്ടെന്നാണ് പുറത്ത് വന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ചത്. വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയായിരുന്നു നടപടി. തേനിയിലെ പൂശാനംപെട്ടിക്ക് സമീപം പുലർച്ചെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോഴാണ് മയക്കുവെടിവച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. ആനിമൽ ആംബുലൻസിലേക്ക് കൊമ്പനെ കയറ്റി. കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.