ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനിരിക്കേ കണക്കുകൂട്ടലുകള്‍ മുറുകുകയാണ്. സമീപകാലത്തെ ഏറ്റവും മികച്ച പേസറായ ജസ്‌പ്രീത് ബുമ്രയില്ലാതെയാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. ബുമ്രയുടെ അഭാവം നികത്താന്‍ കഴിയുന്നൊരു ബൗളര്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ല എന്നത് സത്യമാണെങ്കിലും ആരായിരിക്കും അവസരത്തിനൊത്ത് ടീമിന്‍റെ രക്ഷകനായി ഉയരുക? ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രിക്ക് ഇക്കാര്യത്തില്‍ വ്യക്തമായൊരു ഉത്തരമുണ്ട്.
‘ജസ്‌പ്രീത് ബുമ്രയുണ്ടായിരുന്നെങ്കില്‍ ഓസീസിനൊപ്പം ശക്തമായ പേസ് നിരയാകുമായിരുന്നു ഇന്ത്യ എന്ന് ഞാന്‍ പറയുമായിരുന്നു. കാരണം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ടീമിലുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങുന്നതാണ് ഓസീസ് പേസ് നിര. ഐപിഎല്ലിലാണെങ്കിലും ആറ് ഓവര്‍ മൈതാനത്ത് കളിച്ചത് നെറ്റ്‌സില്‍ പരിശീലിക്കുന്നതിനേക്കാള്‍ മികച്ചതാണ്. ഓസ്‌ട്രേലിയ എങ്ങനെയാണ് ഫൈനലിലായി തയ്യാറെടുത്തിരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും മത്സരഫലം. താരങ്ങളുടെ കണക്കുകള്‍ വച്ച് തുലനം ചെയ്‌താല്‍ ഓസീസിന് നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ മാച്ച് ഫിറ്റ്‌നസ് നിര്‍ണായക ഘടകമാകും. ഏറെ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ആദ്യ അര മണിക്കൂറില്‍ തന്നെ ഓസീസിന് ഭീഷണിയാവാന്‍ മുഹമ്മദ് ഷമിക്കായേക്കും. മുന്‍നിര ബാറ്റര്‍മാരെ തന്‍റെ മികച്ച ലൈനും ലെങ്‌തും വച്ച് ക്രീസില്‍ കാലുറപ്പിച്ച് നിര്‍ത്താന്‍ ഷമി അനുവദിക്കില്ല’ എന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം ഉമേഷ് യാദവും ഷര്‍ദ്ദുല്‍ താക്കൂറും ജയ്‌ദേവ് ഉനദ്‌കട്ടുമാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ പേസര്‍മാര്‍. ഇവരില്‍ ഷമിയും സിറാജും പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നുറപ്പാണ്. ഇരുവരും ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്നു. ഷമി ഐപിഎല്‍ 2023ലെ പര്‍പിള്‍ ക്യാപ് സ്വന്തമാക്കിയ ബൗളറാണ്. ഓസീസ് നിരയിലാവട്ടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നയിക്കുന്ന പേസ് നിരയില്‍ നിന്ന് അവസാന നിമിഷം ജോഷ് ഹേസല്‍വുഡ് പരിക്ക് ഭേദമാകാതെ പുറത്തായിട്ടുണ്ട്. എങ്കിലും സ്കോട്ട് ബോളണ്ട്, മൈക്കല്‍ നെസര്‍, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവര്‍ ഓസീസ് സ്‌ക്വാഡിലുണ്ട്. ഇവരില്‍ ഗ്രീന്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നുറപ്പാണ്. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ച് എത്തുമ്പോള്‍ ഓസീസ് താരങ്ങള്‍ പലരും നാളുകളായി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. അതിനാല്‍ അവരുടെ ഫിറ്റ്‌നസ് ഫൈനലില്‍ നിര്‍ണായകമാകും എന്നാണ് രവി ശാസ്‌ത്രി സൂചിപ്പിക്കുന്നത്.