തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി, ജനകീയ ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കും. 17,412 ഓഫിസുകളിലും 9000 വീടുകളിലും കെ ഫോൺ കണക്ഷനായെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുന്നു. വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സർക്കാരിന്റെ ചുമതലയാണ്. എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ ഫോൺ പദ്ധതി നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഉദ്ഘാടനം. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ കെ ഫോൺ കൊമേഴ്സ്യൽ വെബ് പേജും എം.ബി രാജേഷ് മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും. മന്ത്രി കെ.കൃഷ്ണൻകുട്ടി കെ ഫോൺ മോഡം പ്രകാശിപ്പിക്കും. തിരഞ്ഞെടുത്ത കെ ഫോൺ ഉപഭോക്താക്കളോടു മുഖ്യമന്ത്രി സംവദിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബം, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകൾ, സ്കൂൾ വിദ്യാർഥികൾ, തിരഞ്ഞെടുത്ത സർക്കാർ സ്ഥാപന പ്രതിനിധികൾ എന്നിവരുമായാണ് സംവാദം.
നിയോജകമണ്ഡലങ്ങളിൽ 100 വീതം എന്ന കണക്കിൽ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ൽ ഏറെ സർക്കാർ സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കും. ഇൻസ്റ്റലേഷൻ പൂർത്തീകരിച്ച 26,492 സർക്കാർ ഓഫിസുകളിൽ 17,354 എണ്ണത്തിൽ നിലവിൽ കെ ഫോൺ സേവനമുണ്ട്. മറ്റുള്ളവയിൽ ഈ മാസം അവസാനത്തോടെ കണക്‌ഷൻ നൽകും. 70,00ൽ ഏറെ വീടുകളിലേക്ക് കേബിൾ വലിച്ചു. ആദ്യഘട്ടം ഓഗസ്റ്റിൽ പൂർത്തീകരിച്ച്, വാണിജ്യ കണക്‌ഷൻ നൽകാൻ തുടങ്ങും.
ഒരു വർഷം കൊണ്ട് 2.5 ലക്ഷം കണക്‌ഷൻ നൽകാനാണ് ശ്രമം. കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ഉടനെ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാകും. ഇതിലൂടെയാണ് കണക്‌ഷന് അപേക്ഷിക്കേണ്ടത്. കോവിഡ് കാരണമാണ് 2019ൽ ആരംഭിച്ച വൈകിയതെന്ന് സർക്കാർ വ്യക്തമാക്കുന്നു.
അറിയാം കെ ഫോണിനെ
∙ രാജ്യത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്‌ഷൻ പദ്ധതി. കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്നു നടപ്പാക്കുന്നു. 40 ലക്ഷം കണക്‌ഷൻ നൽകാം.
∙ സെക്കൻഡിൽ 20 എംബി വേഗത്തിൽ ഇന്റർനെറ്റ്. ആവശ്യാനുസരണം വേഗം 1 ജിബിപിഎസ് വരെയാക്കാം..
∙ കെ-ഫോൺ ഒരു സേവനദാതാവല്ല, മറിച്ച് ‘വെൻഡർ ന്യൂട്രൽ’ ഫൈബർ നെറ്റ്‌വർക്കാണ്. സേവനദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് ബൃഹത്തായ നെറ്റ് വർക്ക് രൂപീകരിക്കും. അതുവഴി വരുമാനം നേടും.
∙ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകൾ.