രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമ്പോൾ ഡിജിറ്റൽ തട്ടിപ്പുകളും കൂടുന്നുണ്ട്. തട്ടിപ്പൂകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാൻ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സിന് (പിഎസ്ഒഎസ്) നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.സൈബർ റെസിലൻസ്, ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള കരട് നിർദ്ദേശങ്ങൾ ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയത്.
കരട് നിർദ്ദേശങ്ങളഅ പ്രകാരം, സൈബർ ആക്രമണങ്ങൾ, നിർണ്ണായക സംവിധാനത്തിന്റെയോ അടിസ്ഥാന സൗകര്യങ്ങളുടെയോ തകരാറുകൾ, ആഭ്യന്തര തട്ടിപ്പ്, തീർപ്പാക്കൽ കാലതാമസം എന്നിവയുൾപ്പെടെയുള്ള അസാധാരണമായ എന്തെങ്കിലും സംഭവങ്ങൾ കണ്ടെത്തിയാൽ ആറ് മണിക്കൂറിനുള്ളിൽ പിഎസ്ഒകൾ ആർബിഐയെ അറിയിക്കണം. മാത്രമല്ല പി.എസ്.ഒകൾ വഴി ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് ഒരു ഡിജിറ്റൽ ഐഡന്റിറ്റി ലഭ്യമാക്കണമെന്നും, ഇടപാടുകൾ അവസാനിപ്പിക്കുന്നത് വരെ അത് നിലനിർത്തമെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.
ജൂൺ 30-നകം കരട് സംബന്ധിച്ച അഭിപ്രായങ്ങൾ നൽകാൻ ബന്ധപ്പെട്ടവരെ ആർബിഐ ക്ഷണിച്ചിട്ടുണ്ട്.കരട് ചട്ടങ്ങൾ അനുസരിച്ച്, സൈബർ അപകടസാധ്യതയും സൈബർ പ്രതിരോധശേഷിയും ഉൾപ്പെടെയുള്ള വിവര സുരക്ഷാ അപകടസാധ്യതകളിൽ മതിയായ മേൽനോട്ടം ഉറപ്പാക്കുന്നതിന് പിഎസ്ഒയുടെ ഡയറക്ടർ ബോർഡ് ഉത്തരവാദിയായിരിക്കുമെന്നും ഡ്രാഫ്റ്റിൽ പറയുന്നു. മാത്രമല്ല പേയ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവര സുരക്ഷാ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനായി പിഎസ്ഒ ഒരു ബോർഡ് അംഗീകൃത ഇൻഫർമേഷൻ സെക്യൂരിറ്റി പോളിസി രൂപീകരിക്കും..
സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക ഉൾപ്പെടുത്തൽ സുഗമമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളിൽ സൈബർ ആക്രമണങ്ങളും, തട്ടിപ്പുകളും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കരട് നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്.