മഴക്കാലത്തോ തണുപ്പുള്ള അന്തരീക്ഷത്തിലോ ആണ് പൊതുവില്‍ മൂത്രശങ്ക കൂടുതലായി കാണാറ്. വെള്ളം വിയര്‍പ്പായി പുറത്തുപോകുന്നത് കുറയുന്നതിനാലാണ് മൂത്രത്തിന്‍റെ അളവ് ഈ കാലാവസ്ഥകളില്‍ കൂടാറ്. എന്നാല്‍ കാലാവസ്ഥ മാത്രമല്ല ആരോഗ്യാവസ്ഥയും ഇതിലൊരു പങ്ക് വഹിക്കുന്നുണ്ട്.
അതായത് ചില ആരോഗ്യാവസ്ഥകളുടെയോ അസുഖങ്ങളുടെയോ ഭാഗമായും ഇടവിട്ട് മൂത്രശങ്കയുണ്ടാകാം. അത്തരത്തില്‍ ഇടവിട്ട് മൂത്രശങ്കയ്ക്ക് ഇടയാക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍/ അസുഖങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
മൂത്രാശയ അണുബാധയുള്ളവരില്‍ ഇതിന്‍റെ ലക്ഷണമായി ഇടവിട്ട് മൂത്രമൊഴിക്കാനുള്ള പ്രവണത കാണാം. ഇതില്‍ മൂത്രമൊഴിക്കുമ്പോള്‍ വേദനയോ എരിച്ചിലോ അനുഭവപ്പെടുകയും ചെയ്യാം.
രണ്ട്…
പ്രമേഹരോഗികളിലും ഇടവിട്ട് മൂത്രശങ്കയുണ്ടാകാറുണ്ട്. രക്തത്തില്‍ ഷുഗര്‍നില അധികമാകുമ്പോള്‍ ഇത് മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കുന്നതോടെയാണ് മൂത്രശങ്ക കൂടുതലായി വരുന്നത്.
മൂന്ന്…
പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ ഉള്ളവരില്‍ അതിന്‍റെ ലക്ഷണമായും ഇടവിട്ട് മൂത്രശങ്കയുണ്ടാകാം. പ്രോസ്റ്റേറ്റ് അണുബാധ അടക്കം പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ സൂചനയായി ഇങ്ങനെ ഇടവിട്ടുള്ള മൂത്രശങ്കയുണ്ടാകാം.
നാല്…
മൂത്രാശയത്തെ ബാധിക്കുന്ന അര്‍ബുദ രോഗത്തിന്‍റെ ലക്ഷണമായും ഇടവിട്ടുള്ള മൂത്രശങ്കയുണ്ടാകാം. എന്നാലിത് അത്ര സാധാരണമല്ല. മറ്റ് ലക്ഷണങ്ങള്‍ കൂടി നിരീക്ഷിക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്. മെഡിക്കല്‍ ചെക്കപ്പും വൈകാതെ തന്നെ ചെയ്തുനോക്കുക.
മൂത്രാശയസംബന്ധമായ മറ്റ് ചില പ്രശ്നങ്ങളിലും മൂത്രം പിടിച്ചുവയ്ക്കാൻ സാധിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകാം. ചിലരില്‍ മൂത്രം ചോര്‍ന്നുവീഴുന്ന അവസ്ഥ വരെയും കാണാം. ഇവയെല്ലാം തന്നെ പരിശോധിക്കേണ്ടതാണ്.
അഞ്ച്…
ചിലരില്‍ സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം അതുപോലെ ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ മൂലവും ഇടവിട്ട് മൂത്രശങ്കയുണ്ടാകാം.
ഏത് കാരണം കൊണ്ടാണെങ്കിലും ഇത് വൈദ്യപരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാവൂ. സ്വയം രോഗനിര്‍ണയം നടത്താതിരിക്കുക.