കൊച്ചി> ദേശീയ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് റിപ്പോർട്ടിൽ കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിന്റെ നേട്ടത്തിന് തിളക്കമേറെ. രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തെ 14 കോളേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
പട്ടികയിൽ ആദ്യ സ്ഥാനം തമിഴ്‌നാടിനാണ്. തമിഴ്നാട്ടിൽ നിന്ന് 35 കോളേജാണ് റാങ്കിങ്ങിലുള്ളത്. ഡൽഹി സർവ്വകലാശാലയിലെ കോളേജുകളുടെ മികവിൽ കേന്ദ്രഭരണ പ്രദേശമായ ഡൽഹി 32 കോളേജുമായി പട്ടികയിലുണ്ട്. സംസ്ഥാനങ്ങളിൽ പശ്‌ചിമ ബംഗാളാണ് മൂന്നാംസ്ഥാനത്ത്. അവിടെ നിന്ന് എട്ട് കോളേജുകൾ നൂറിന്റെ പട്ടികയിൽ എത്തി.
കേരളത്തിലെ 166 കോളേജുകൾ പരിഗണിച്ചതിൽ നിന്നാണ് ഇത്രയും കോളേജുകൾ മുന്നിലെത്തിയത്. ആദ്യ 200ൽ കേരളത്തിൽ നിന്ന് 42 കോളേജുകളും ഉൾപ്പെട്ടിട്ടുമുണ്ട്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേതിന്റെ രണ്ടര ഇരട്ടിയോളം കോളേജുകൾ റാങ്കിങ്ങിനായി പരിഗണിച്ചിരുന്നു. 384 കോളേജുകളിൽ നിന്നാണ് അവിടുത്തെ 35 എണ്ണം പട്ടികയിലുൾപ്പെട്ടത്.
വൻസംസ്ഥാനങ്ങളിലെ കോളേജുകളുടെ പ്രകടനം ദയനീയമാണ്. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര, രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഒരു കോളേജ് പോലും റാങ്കിങ്ങിൽ ഇടം നേടിയില്ല.
മഹാരാഷ്ട്രയിൽ നിന്ന് മൂന്നും കർണാടകത്തിൽ നിന്ന് രണ്ടും കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, ഹരിയാന, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ നിന്നും ഒന്നു വീതവും കോളേജുകൾ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്..
ഡൽഹി മിറാൻഡ ഹൗസ്, ഡൽഹി ഹിന്ദു കോളേജ്, ചെന്നൈ പ്രസിഡൻസി കോളേജ് എന്നിവയാണ് ദേശീയ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
കേരളത്തിലെ 14 കോളേജുകളിൽ 3 എണ്ണം സർക്കാർ മേഖലയിൽ നിന്നാണെന്ന പ്രത്യേകതയും ഉണ്ട്.. തുടർച്ചയായി ആറാം തവണയും യൂണിവേഴ്സിറ്റി കോളേജ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്‌തു.
അധ്യാപനം, അടിസ്ഥാന സൗകര്യം, ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി -സ്ത്രീസൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.