ലണ്ടന്‍: കഴിഞ്ഞയാഴ്ച യുകെയിലെ യുറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ 111.7 പൗണ്ട് സമ്മാനം ലഭിച്ച വിജയി സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കി. സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിച്ച് തങ്ങള്‍ക്ക് ഒരു ക്ലെയിം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ പരിശോധനാ നടപടികളിലൂടെ കടന്നുപോവുകയാണെന്നുമാണ് നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചത്. വാലിഡേഷന്‍ പൂര്‍ത്തിയായാല്‍ സമ്മാനം ലഭിച്ച വാര്‍ത്ത പുറത്തു വിടണോ വേണ്ടേ എന്ന കാര്യം വിജയിക്ക് തീരുമാനിക്കാം. ഏകദേശം 1144 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് വിജയിക്ക് ലഭിക്കുന്നത്.
യൂറോമില്യന്‍സ് ജാക്പോട്ടില്‍ 100 മില്യനിലധികം പൗണ്ട് സമ്മാനമായി ലഭിക്കുന്ന പതിനെട്ടാമത്തെ വിജയി ആയിരിക്കും ഇയാള്‍. കഴിഞ്ഞ മാസം 138 മില്യന്‍ പൗണ്ടിലെ 46.2 മില്യന്‍ പൗണ്ടിന് ഒരു അവകാശിയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരാള്‍ക്ക് 195 മില്യന്‍ പൗണ്ട് സമ്മാനമായി ലഭിച്ചിരുന്നെങ്കിലും ഇയാള്‍ തന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് അറിയിക്കുകയായിരുന്നു.
രണ്ടര പൗണ്ട് ടിക്കറ്റ് വിലയുള്ള യൂറോ മില്യന്‍സ് നറുക്കെടുപ്പില്‍ യുകെയില്‍ നിന്നുള്ളവര്‍ക്ക് പുറമെ അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, അയർലൻഡ്, ഐൽ ഓഫ് മാൻ, ലിച്ചെൻസ്റ്റീൻ, ലക്സംബർഗ്, മൊണാക്കോ, പോർച്ചുഗൽ, സ്‍പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും.10 ഉം 11 ഉം ലക്കി സ്റ്റാർസ് ഉള്ള 03, 12, 15, 25, 43 തുടങ്ങിയ നമ്പറുകൾക്കാണ് ജാക്ക്പോട്ട് തുക നേടാനായത്.