ഗുവാഹത്തി: പട്ടിയിറച്ചി നിരോധിച്ച നാഗാലാൻസ് സർക്കാർ നടപടി റദ്ദാക്കി ഗുവാഹത്തി ഹൈക്കോടതി. നാഗാലാൻഡ് ജനവിഭാഗങ്ങൾക്കിടയിൽ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വിൽക്കുന്നതിനുള്ള നാഗാലാൻഡ് സർക്കാർ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്. കൊഹിമ മുനിസിപ്പൽ കൗൺസിലിലെ വ്യാപാരികൾ 2020ൽ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചതിന് തുടർന്ന് സർക്കാർ തീരുമാനം 2020 നവംബറിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
തുടർന്നാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. പട്ടിയിറച്ചി നാഗകൾക്കിടയിൽ സ്വീകാര്യമായ ഭക്ഷണമാണെന്ന് ജസ്റ്റിസ് മാർലി വങ്കുങ് വിധിയിൽ ചൂണ്ടിക്കാട്ടി. പട്ടിയിറച്ചി വിൽപനയിലൂടെ വ്യാപാരികൾക്ക് അവരുടെ ഉപജീവനമാർഗം നേടാൻ കഴിയുമെന്നും കോടതി പറഞ്ഞു. 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് (ഫുഡ് പ്രൊഡക്ട്‌സ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ഫുഡ് അഡിറ്റീവുകൾ) റെഗുലേഷന്റെ മൃഗങ്ങൾ എന്നതിന്റെ നിർവചനത്തിന് കീഴിൽ നായകളെ പരാമർശിച്ചിട്ടില്ലെന്നും ജസ്റ്റിസ് വാൻകുങ് അഭിപ്രായപ്പെട്ടു. നാഗാലാൻഡിലെ വിവിധ ഗോത്രക്കാർ നായ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കാതിരിക്കാൻ ഒരു കാരണവും കണ്ടെത്തുന്നില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്ന വിശ്വാസം ഇവർക്കിടയിലുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
നാഗാലാൻഡ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനം ഏർപ്പെടുത്തിയത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം നിരോധനം നടപ്പാക്കാൻ കമ്മീഷണറെ നിയമിക്കാൻ സെക്രട്ടറിക്ക് അധികാരമല്ലെന്ന് ജസ്റ്റിസ് വാൻകുങ് പറഞ്ഞു. മന്ത്രിസഭയുടെ അനുമതി പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയുമെങ്കിലും, നായ മാംസം കച്ചവടവും ഉപഭോഗവും സംബന്ധിച്ച നിയമങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കാൻ ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി പറഞ്ഞു.