കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കാലടി സർവകശാല പരിശോധിക്കും. വ്യാജ രേഖ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന. 2019 ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേർന്നത്.
അതേസമയം, ജോലിക്കായി വ്യാജരേഖ ചമച്ച കേസിൽ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് മൊഴിയെടുത്തു. കോളേജിന്‍റെ ഭാഗത്ത് നിന്ന് വിദ്യക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും അട്ടപ്പാടി കോളേജിൽ നിന്ന് വിവരം കിട്ടിയപ്പോൾ മാത്രമാണ് സംഭവം അറിഞ്ഞതെന്നും പ്രിൻസിപ്പൽ പൊലീസിനോട് വിശദീകരിച്ചു. അതേസമയം, കേസ് അഗളി പൊലീസിന് കൈമാറിയേക്കും. വിഷയത്തില്‍ കെഎസ്‍യു ഗവർണർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.