അടിമാലി: സ്കൂൾ കുട്ടികളുമായി അനധികൃത സർവിസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ചൊവ്വാഴ്ച തോക്കുപാറയിൽനിന്ന് സ്കൂൾ കുട്ടികളുമായി സർവിസ് നടത്തിയ സ്വകാര്യ വാഹനം പിടികൂടി.
പെർമിറ്റ്, ഫിറ്റ്നസ് ഇവയില്ലാത്തതും ടാക്സിയല്ലാത്തതുമായ വാഹനമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച അടിമാലി ഇരുമ്പുപാലത്തുനിന്ന് സ്കൂൾ കുട്ടികളുമായി ഓടിയ ജീപ്പും പിടികൂടിയിരുന്നു. ഇൻഷുറൻസ്, ഡ്രൈവർക്ക് ലൈസൻസ് ഒന്നുമില്ലാതെയാണ് വാഹനം ഓടിയിരുന്നത്. വാഹനം കസ്റ്റഡിയിൽ എടുക്കുകയും സ്വന്തം വാഹനത്തിൽ മോട്ടോർ വാഹന വകുപ്പ് കുട്ടികളെ വീടുകളിൽ എത്തിക്കുകയുമായിരുന്നു. അടിമാലി മേഖലയിൽ ഇത്തരത്തിൽ കൂടുതൽ വാഹനങ്ങൾ ഓടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടി ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കുട്ടികളുമായി അനധികൃത സർവിസ് നടത്തിയ വാഹനത്തിന് 6000 രൂപ പിഴയും ചുമത്തി. 15 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നാർ മേഖലയിലും സമാനമായ രീതിയിൽ വാഹനങ്ങൾ ഓടുന്നത് ശ്രദ്ധയിൽപെട്ടതായി ജോ.ആർ.ടി.ഒ എൽദോ അറിയിച്ചു. വരും ദിവസങ്ങളിൽ മൂന്നാറിലും പരിശോധന നടത്തും.