കൊൽക്കത്ത: പശ്ചിമബംഗാളിൽ മരിച്ചതായി രേഖകളിലുള്ള 79കാരന്റെ പെൻഷൻ മുടങ്ങിയിട്ട് രണ്ടുവർഷം. സൗത്ത് 24 പർഗാനസ് ജില്ലയിൽ താമസിക്കുന്ന വിജയ് ഹാത്തിയാണ് പെൻഷൻ മുടങ്ങിയതു മൂലം ജീവിക്കാൻ പ്രയാസപ്പെടുന്നത്.ഭാര്യക്കും രോഗിയായ മകനുമൊപ്പമാണ് വിജയ് ഹാത്തി താമസിക്കുന്നത്. വല്ലാതെ കഷ്ടപ്പെട്ടാണ് കുടുംബം ജീവിതം തള്ളിനീക്കുന്നത്. ദിവസം രണ്ടുനേരം ഭക്ഷണം കിട്ടിയാൽ തന്നെ സുഭിക്ഷമായി എന്നാണ് കുടുംബം പറയുന്നത്. മകന് മരുന്ന് വാങ്ങാൻ പോലും ഹാത്തിയുടെ കൈയിൽ പണമില്ല.
പശ്ചിമ ബംഗാൾ പെൻഷൻ പദ്ധതി പ്രകാരം രണ്ടുവർഷം മുമ്പുവരെ പ്രതിമാസം ആയിരം രൂപ പെൻഷനായി ലഭിച്ചിരുന്നു ഇദ്ദേഹത്തിന്. എന്നാൽ പെട്ടെന്നൊരു ദിവസം പെൻഷൻ ലഭിക്കുന്നത് നിന്നു. കുടുംബത്തിന് ആശ്വാസമായിരുന്ന തുക ഇല്ലാതായപ്പോൾ ഹാത്തി കാരണം തിരക്കി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിലെത്തി. അപ്പോഴാണ് താൻ മരിച്ചതായി പൊലീസ് രേഖയുള്ള കാര്യം അദ്ദേഹം അറിയുന്നത്.
സാധാരണ 60 വയസിനു മുകളിലുള്ളവർക്കാണ് സർക്കാർ പെൻഷൻ നൽകുന്നത്. മരിച്ചതായി രേഖയിൽ വന്നത് അബദ്ധത്തിലാണെന്ന് അധകൃതർക്ക് മനസിലായിട്ടുണ്ട്. 2020ലാണ് പെൻഷൻ മുടങ്ങിയത്. അന്നുമുതൽ ഹാത്തി മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഒരു കാര്യവുമുണ്ടായില്ല.