വണ്ണം എങ്ങനെയെങ്കിലും കുറച്ചാൽ മതിയെന്നു പറഞ്ഞ് കഷ്ടപ്പെന്നവർ ഒരുവശത്ത്, എങ്ങനെയെങ്കിലും കുറച്ചുകൂടി തടി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്ന കുറച്ചു പേർ മറുവശത്ത്. സ്‌ലിം ബ്യൂട്ടി എന്നൊക്കെ പറഞ്ഞ് ഒരുപരിധി വരെ രക്ഷപ്പെടാമെങ്കിലും മെലിഞ്ഞിരിക്കുന്നവർക്കു നേരെ പലപ്പോഴും ബോഡിഷെയ്മിങ് ഉണ്ടാകാറുണ്ട്. ‘എന്തെങ്കിലും രോഗം വന്നാൽ അപ്പോഴറിയാം’ എന്നിങ്ങനെ ഭീഷണിപ്പെടുത്താറുമുണ്ട് കളിയാക്കുന്നവർ.
നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരോഗ്യകരമായി ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും മെലിഞ്ഞിരിക്കുന്നത് ഏതെങ്കിലും രോഗം മൂലമല്ലെങ്കിലും തടിയില്ല എന്നോർത്തു വിഷമിക്കേണ്ടതില്ല. എന്നാലും എങ്ങനെയെങ്കിലും തടിവച്ചേ അടങ്ങൂ എന്നു കരുതുന്നവർ പൊതുവായി ചെയ്തുകൂട്ടുന്ന 10 അബദ്ധങ്ങൾ അറിയാം.
കാഴ്ചയുടെ അടിസ്ഥാനത്തിലാണ് മിക്കപ്പോഴും മെലിഞ്ഞിരിക്കുന്നു എന്നു പറയുന്നത്. ഇത് പലപ്പോഴും ശരിയാകണമെന്നില്ല. ടീനേജിൽ മെലിഞ്ഞിരിക്കുന്നവരാണ് അധികവും. ഇവരെ വണ്ണം വയ്പിക്കാൻ ശ്രമിക്കും മുൻപ് അനാരോഗ്യകരമായ വണ്ണക്കുറവാണോ എന്നു തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇതിനായി ബോഡി മാസ് ഇൻഡക്സ് കണക്കാക്കണം. ഒരാളുടെ ശരീരഭാരത്തെ (കിലോഗ്രാം) അയാളുടെ ഉയരത്തിന്റെ (മീറ്റർ) സ്ക്വയർ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് അയാളുടെ ബോഡി മാസ് ഇൻഡക്സ്. ബിഎംഐ 18.5–ൽ താഴെ ആണെങ്കിൽ മാത്രമേ അനാരോഗ്യകരമായ വിധത്തിൽ ഭാരക്കുറവാണെന്നു പറയാനാകൂ. ഇക്കൂട്ടർ ഭാരക്കുറവിനു കാരണമായ ഹൈപ്പർതൈറോയ്ഡിസമോ പ്രമേഹം പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടോ എന്നു പരിശോധിച്ചശേഷം മാത്രംമതി വണ്ണം വയ്ക്കാനുള്ള ശ്രമങ്ങൾ.
കൂടുതൽ മധുരവും കൊഴുപ്പും കഴിച്ചാൽ വണ്ണം വയ്ക്കുമെന്നു കരുതി ഈ ശീലം പിന്തുരടേണ്ട. ഇത് തീർത്തും അനാരോഗ്യകരമാണ്. ഇവ അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡ് കൂട്ടാനേ ഉപകരിക്കൂ. ഇത് ഹൃദയരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
മെലിഞ്ഞിരിക്കുന്നവർക്കുള്ള ഒരു തെറ്റിദ്ധാരണയാണ് വ്യായാമം ചെയ്താൽ വീണ്ടും മെലിയുമെന്നത്. വ്യായാമം ചെയ്യാതിരുന്നാൽ ശരീരത്തിൽ കൊഴുപ്പു കൂടും. ശരിയായി വ്യായാമം ചെയ്താൽ മസിൽ മാസ് കൂടുന്നതിനാൽ ശരീരഭാരവും കൂടും. ആരോഗ്യകരമായി വണ്ണം കൂടുന്നതിന് ശരീരത്തിലെ കൊഴുപ്പല്ല പേശീഭാരമാണ് കൂടേണ്ടത്. സമീകൃതമായ ഭക്ഷണത്തിനൊപ്പം അനെയ്റോബിക് വ്യായാമങ്ങളും ഒപ്പം എയ്റോബിക് രീതികളായ നടത്തം, സൈക്ലിങ്, നീന്തൽ പോലുള്ളവയും ചെയ്യാം.
നടത്തം ഒരു എയ്റോബിക് വ്യായാമമാണ്. നടക്കുന്നതാണ് വണ്ണം വയ്ക്കാത്തതിനു കാരണമെന്ന ചിന്ത വേണ്ട. വണ്ണം കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ എന്നതിലുപരി ശരീരത്തിനു ഫിറ്റ്നസും ആരോഗ്യവും പ്രദാനം ചെയ്യാൻ വ്യായാമം കൂടിയേ തീരൂ. ദീർഘനേരം ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നവരിൽ വയർ ചാടാതിരിക്കാനും അരവണ്ണം കുറയ്ക്കാനും വ്യായാമം അത്യാവശ്യമാണ്.
ഫുഡ് സപ്ലിമെന്റ്സ് കഴിച്ചാൽ വണ്ണം വയ്ക്കുമെന്നു കരുതി അതു വാങ്ങിക്കഴിക്കുന്നവരുണ്ട്. എന്നാൽ ഇത് ചിലരിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നു വരാം. എന്നാൽ ചിലരിൽ ഇത് ആരോഗ്യകരമായെന്നു വരില്ല. കൃത്യമായ അളവിലും അനുപാതത്തിലും ഗുണനിലവാരത്തിലും അല്ലാതെയുള്ള പ്രോട്ടീനും മറ്റു ചേരുവകളും ഈ സപ്ലിമെന്റുകളിലുണ്ടാകാം. ഇവ ഒരു ദിവസം എത്ര ഉപയോഗിക്കാം, ഇതിലുള്ള ചേരുവകൾ നമ്മുടെ ശരീരത്തിന് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചശേഷം ഉപയോഗിക്കുന്നതാകും നല്ലത്. ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശങ്ങൾ സ്വീകരിക്കുന്നതാകും ഉചിതം.
വെണ്ടയ്ക്കയിൽ ധാരാളം കൊഴുപ്പ് ഉള്ളതിനാൽ ശരീരഭാരം കൂടാൻ സഹായിക്കും എന്നാണ് പലരുടെയും ധാരണ. വെണ്ടയ്ക്ക പോഷകസമ്പുഷ്ടമായ ഒരു പച്ചക്കറിതന്നെയാണ്. എന്നുകരുതി അത് ആവശ്യത്തിലധികം കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും അമിതമായി കഴിക്കുന്നതും അമിതവണ്ണത്തിനു കാരണമാകും എന്നതു ശരിയാണ്. എന്നാൽ അനാരോഗ്യകരമായി മെലിഞ്ഞിരിക്കുന്നവർക്ക് ഭാരം കൂട്ടാനുള്ള മാർഗമല്ല ഇത്. ഈ ശീലം കൂർക്കംവലി, കുടവയർ, ഉയർന്ന കൊളസ്ട്രോൾ, അമിത രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം.
ചോറു കൂടുതൽ കഴിച്ചാൽ വണ്ണം കൂടുമെന്നാണ് പലരുടെയും ധാരണ. അമിതവണ്ണം കുറയ്ക്കുന്നതിന് അന്നജനിയന്ത്രണം സഹായിക്കും. എന്നാൽ മെലിഞ്ഞിരിക്കുന്നയാൾ അന്നജം കൂടുതൽ കഴിച്ചതുകൊണ്ട് ആരോഗ്യകരമായ ഭാരവർധനവ് ഉണ്ടാകണമെന്നില്ല. ഒരു കപ്പ് ചോറിന്(50 ഗ്രാം അരി വേവിച്ചത്) തുല്യമാണ് രണ്ട് ചപ്പാത്തി. മിതമായ അളവിൽ ചോറു കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. നാരും വൈറ്റമിനും ധാതുക്കളും കൂടുതലായുള്ള തവിടുള്ള അരിയാണ് ഉത്തമം.
എങ്ങനെയെങ്കിലും ഒന്നു വണ്ണം വച്ചാൽ മതിെയന്നു കരുതി കൈയിൽ കിട്ടുന്നതെന്തും വാരിവലിച്ചു കഴിച്ചിട്ട് യാതൊരു കാര്യവുമില്ല. ചോക്ക്‌ലേറ്റും ഐസ്ക്രീമും ബേക്കറിപലഹാരങ്ങളും ചിക്കനും ബിരിയാണിയുമൊക്കെ വലിച്ചുവാരി കഴിക്കുമ്പോൾ ഓർക്കുക, ഇത് നല്ല പ്രവണതയല്ലെന്ന്. ശരീരത്തിലെ കൊഴുപ്പു കൂടാനും കരളും പാൻക്രിയാസും വൃക്കയും ഹൃദയവുമുൾപ്പടെ ആന്തരികാവയവങ്ങൾക്ക് അമിത സമ്മർദം ഉണ്ടാക്കാനും മാത്രമേ ഈ ഭക്ഷണരീതി ഉപകരിക്കൂ. എത്രമാത്രം ഭാരക്കുറവ് ഉണ്ടെന്നും എത്ര വണ്ണം കൂട്ടണമെന്നും മനസ്സിലാക്കി ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സഹായത്തോടെ ആരോഗ്യകരമായ ഡയറ്റ് പ്ലാൻ ഉണ്ടാക്കി ഭാരം കൂട്ടാൻ ശ്രമിക്കുകയാണു വേണ്ടത്.
റെഡ് മീറ്റ് കൂടുതൽ കഴിച്ചാൽ വണ്ണം വയ്ക്കുമെന്നു കരുതി ആ വഴി പരീക്ഷിക്കുന്നവരും കുറവല്ല. എന്നാൽ ഇത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇരുമ്പിന്റെയും ബി വൈറ്റമിനുകളുടെയും പ്രോട്ടീന്റെയും ഉറവിടമാണ് റെഡ്മീറ്റ്. എന്നാൽ കൊഴുപ്പ് വേർതിരിക്കാനാവാത്തവിധം മാംസത്തിലുള്ളതിനാൽ ഉയർന്ന കാലറിയാണ് ഇതിനുള്ളത്. അതിനാൽത്തന്നെ കൂടുതൽ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഇവ വല്ലപ്പോഴും മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.