അബുദാബി∙ യുഎഇയിൽ 26നു മധ്യവേനൽ അവധി തുടങ്ങാനിരിക്കെ, കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നിരട്ടിയാക്കി. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കി. ആ സീറ്റുകളിലേക്ക് അടുക്കാൻ കഴിയാത്ത നിരക്കും. ഇന്ത്യൻ, വിദേശ എയർലൈനുകളെല്ലാം വർധനയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ മാസം കേരളത്തിലേക്കു 12,000 രൂപയ്ക്കു വരെ കിട്ടിയിരുന്ന വൺവേ ടിക്കറ്റ് അവധി തുടങ്ങുന്നതോടെ 35,000 രൂപയ്ക്കു മുകളിലാവും. സെക്ടർ മാറുന്നതനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.
26ന് നാട്ടിലേക്കു പോകാൻ ഇപ്പോൾ ടിക്കറ്റെടുക്കുകയാണെങ്കിൽ നാലംഗ കുടുംബത്തിനു കുറഞ്ഞത് ഒന്നര ലക്ഷം രൂപയാകും. ദിവസം വൈകും തോറും നിരക്ക് കൂടിക്കൊണ്ടിരിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയിൽ ശരാശരി 1.5 ലക്ഷം രൂപയും, സ്പൈസ് ജെറ്റിൽ 1.8 ലക്ഷം രൂപയുമാണ് നാലു പേർക്ക് ഒരു വശത്തേക്കു മാത്രമുള്ള ടിക്കറ്റ് നിരക്ക്. ഇത്തിഹാദ്, എമിറേറ്റ്സ് അടക്കമുള്ള വിദേശ വിമാനങ്ങളിൽ നിരക്ക് 2 ലക്ഷത്തിനു മേലെയാകും. ഇത്രയും തുക കൊടുത്താൽ പോലും നേരിട്ടുള്ള വിമാനം കിട്ടണമെന്നില്ല. ഗോ ഫസ്റ്റ് എയർലൈൻ നിർത്തിയതും എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാക്കിയതും സീറ്റുകൾ കുറയാൻ കാരണമായി.