കോട്ടയം∙ സോളാർ ജുഡീഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് ജി.ശിവരാജനെതിരെയുള്ള മുൻ ഡിജിപി എ.ഹേമചന്ദ്രന്റെ വിമർശനങ്ങൾ ശരിവെച്ച് മുൻ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാർ അന്വേഷണത്തിനായി ജൂഡീഷ്യൽ കമ്മിഷനെ നിയമിച്ചത് അന്നും ഇന്നും അനുകൂലിക്കുന്നില്ലെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.‘കാബിനറ്റ് തീരുമാനപ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്. അതിൽ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. കാബിനറ്റ് രഹസ്യമായതിനാൽ അതിലുണ്ടായ ചർച്ചകളെക്കുറിച്ച് പറയാനാകില്ല. ഉമ്മൻചാണ്ടിയുടെ സ്റ്റാഫിലുണ്ടായിരുന്ന ജോപ്പനെ, ഹേമചന്ദ്രൻ അറസ്റ്റ് ചെയ്തത് എന്നെ അറിയിക്കാതെയാണ്.’– തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
കോൺഗ്രസിനെ, സിപിഎമ്മിനെതിരെയും ബിജെപിക്കെതിരെയും ഭൗതികശക്തിയായി വളർത്തുന്നതിനുള്ള നടപടികളാണ് നിലവിൽ കോണ്‍ഗ്രസിൽ നടക്കുന്നത്. അതിൽ ഭിന്നതകളില്ല. ഗ്രൂപ്പ് പ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് തിരുവഞ്ചൂർ പറഞ്ഞു.
മുൻഡിജിപി എ.ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറിയിലാണ് ജസ്റ്റിസ് ജി.ശിവരാജനെതിരെ രൂക്ഷവിമർശനമുള്ളത്. കമ്മിഷൻ പലപ്പോഴും സദാചാര പൊലീസിന്റെ മാനസികാവസ്ഥയിലായിരുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷ ബന്ധത്തിന്റെ മസാലക്കഥകൾ കിട്ടുമോ എന്നായിരുന്നുവെന്നും വിമർശനമുണ്ട്. റിപ്പോർട്ടിന്റെ നിയമസാധ്യത പരിശോധിക്കാതെയാണ് സർക്കാർ മുന്നോട്ടുപോയതെന്നും അന്വേഷണ സംഘത്തലവനായിരുന്നു ഹേമചന്ദ്രൻ കുറ്റപ്പെടുത്തി.
‘നീതി എവിടെ’ എന്ന സർവീസ് സ്റ്റോറിയിൽ ‘അൽപായുസായ റിപ്പോർട്ടും തുടർചലനങ്ങ’ളുമെന്ന തലക്കെട്ടോടെയാണ് സോളാർ കമ്മിഷനെതിരെ എ.ഹേമചന്ദ്രൻ വിമർശനങ്ങൾ ഉന്നയിച്ചത്. സിപിഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുൻഡിജിപി എ.ഹേമചന്ദ്രന്റെ വിമർശനവും പുറത്തുവന്നത്.