അബുദാബി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ആഘാതങ്ങള്‍ നേരിടാന്‍ യുഎഇയിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണസജ്ജമായി. ചുഴലിക്കാറ്റ് കാരണം രാജ്യത്ത് ഉണ്ടായേക്കാവുന്ന കാലാവസ്ഥാ സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി, വെതര്‍ ആന്റ് ട്രോപ്പിക്കല്‍ കണ്ടീഷന്‍സ് ജോയിന്റ് അസസ്‍മെന്റ് ടീമിന്റെ യോഗം വിളിച്ചു.
ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്‍തു. കാറ്റിന്റെ പ്രതീക്ഷിത സ്വഭാവം സംബന്ധിച്ച് കൂടുതല്‍ വിലയിരുത്തല്‍ നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഊര്‍ജ – അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവയില്‍ നിന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ ക്ലാസ് ഒന്നില്‍ ഉള്‍പ്പെടുത്തിയതായി ബുധനാഴ്ച യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ലെന്നാണ് അനുമാനം. ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് മണിക്കൂറില്‍ 120 മുതല്‍ 130 വരെ കിലോമീറ്റര്‍ വേഗതയുണ്ടാവും. ഇത് ശക്തമായ മഴയ്ക്ക് കാരണമായി മാറുമെന്നാണ് പ്രവചനം. കാറ്റ് നേരിട്ട് ബാധിക്കില്ലെന്ന് ഒമാന്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.